തിരുവനന്തപുരം: അനധികൃത ദത്തുകേസിലെ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കായി സാമ്പിൾ ശേഖരിച്ചതിന് പിന്നാലെ കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രന്റേയും അജിത്തിന്റെയും സാമ്പിളുകളും ശേഖരിച്ചു. രാജീവ് ഗാന്ധി ഇൻസ്റ്റ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിൽ എത്തിയാണ് അനുപമയും അജിത്തും സാമ്പിളുകൾ നൽകിയത്. എല്ലാം ശരിയായ രീതിയിൽ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അനുപമ പ്രതികരിച്ചു.
സാമ്പിൾ എടുത്തത് തന്റെ കുഞ്ഞിന്റെ തന്നെയാണോ എന്ന് ഉറപ്പില്ലെന്നും അക്കാര്യത്തിൽ ആശങ്കയുണ്ടെന്നും അനുപമ പറഞ്ഞു. സാമ്പിൾ ശേഖരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നില്ല, ഫോട്ടോകൾ എടുത്തു. ഫേട്ടോഗ്രാഫ് ഒക്കെ എടുത്തിരുന്നതിനാൽ എന്തെങ്കിലും സംശയം ഉണ്ടായാൽ നോക്കാം. രണ്ട് പേരുടേയും സാമ്പിളുകൾ എടുത്തു. നാളെ വൈകുന്നേരത്തിനകം, അല്ലെങ്കിൽ മറ്റന്നാൾ ഫലം ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.
നേരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിൽ നിന്നുള്ള വിദഗ്ദ്ധർ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തി സാമ്പിൾ ശേഖരിച്ചിരുന്നു. ഡിഎൻഎ പരിശോധയിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നതായി അനുപമ എസ്. ചന്ദ്രൻ ആരോപിച്ചിരുന്നു. ഡിഎൻഎ സാമ്പിൾ എടുക്കാൻ കൊണ്ടുവരുന്ന കുഞ്ഞ് എന്റെ തന്നെയാണോ എന്ന കാര്യത്തിൽ എന്തെങ്കിലും ഉറപ്പുണ്ടോയെന്ന് ചോദിച്ച അവർ വേറെ കുഞ്ഞിനെയല്ല കൊണ്ടുവരുന്നതെന്ന് എന്ത് ഉറപ്പെന്നും ചോദിച്ചിരുന്നു.
ദത്തുവിവാദത്തിൽ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ജില്ലാ ശിശുക്ഷേമസമിതി നിയോഗിച്ച പ്രത്യേകസംഘം ഞായറാഴ്ച രാത്രി ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കുന്നുകുഴിയിലുള്ള നിർമല ശിശുഭവനിലാണ് കുട്ടി. ഡി.എൻ.എ. പരിശോധന നടത്തുംവരെ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ സംരക്ഷണയിലായിരിക്കും കുഞ്ഞ്. അതിനുശേഷം സംരക്ഷിക്കാൻ കഴിയുന്നയാളെ കണ്ടെത്തി കൈമാറും.