കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലുള്ള സിനിമാനടി കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന കെപിഎസി ലളിതയെ വാര്‍ഡിലേക്ക് മാറ്റി. രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.കരള്‍ രോഗത്തിന് ചികില്‍സയിലുള്ള കെപിഎസി ലളിതയുടെ ചികില്‍സാ ചെലവുകള്‍ വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. കെപിഎസി ലളിതയ്ക്ക് സാമ്പത്തികമില്ലേ, ഇത്രയും നാള്‍ അഭിനയിച്ചതിന്റെ സമ്പാദ്യമില്ലേ? എന്തുകൊണ്ട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സിക്കുന്നു എന്നിങ്ങനെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

നടിയും കേരള സംഗീതനാടക അക്കാദമി ചെയര്‍പഴ്‌സനുമായ കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വിശദീകരിച്ചു. കലാകാരന്മാരെ കയ്യൊഴിയാനാകില്ലെന്നും ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ തര്‍ക്കമുണ്ടാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.