മിസ്‌ കേരളാ മോഡലുകളുടെ വാഹനാപകട മരണം;ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍; രക്ഷിക്കാനാണു പിൻതുടർന്നതെന്ന് സൈജു

കൊച്ചി : മിസ്‌ കേരളാ മോഡലുകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ച വാഹനാപകടത്തില്‍ ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍. മോഡലുകള്‍ സഞ്ചരിച്ച കാറിനെ ഔഡി കാറില്‍ പിന്തുടര്‍ന്ന സൈജു എം. തങ്കച്ചനാണു വാട്‌സ്‌ആപ്‌ ശബ്‌ദസന്ദേശത്തിലൂടെ സംഭവം വിവരിച്ചത്‌. പിന്തുടര്‍ന്ന്‌ പലതവണ മുന്നറിയിപ്പ്‌ നല്‍കിയിട്ടും ഡ്രൈവര്‍ അവഗണിച്ചു. ആ വാഹനാപകടത്തോടെ താന്‍ മാനസികമായി തകര്‍ന്നെന്നും ഒളിവില്‍ കഴിയുന്ന സൈജു പറഞ്ഞു.

ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ഫോര്‍ട്ട്‌ കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ മോഡലുകള്‍ക്കൊപ്പം നൃത്തം ചെയ്‌തും ഒന്നിച്ച്‌ ഭക്ഷണം കഴിച്ചുമാണു പിരിഞ്ഞത്‌. ഡാന്‍സ്‌ ഫ്‌ളോറില്‍ കയറിയപ്പോള്‍ ബാസിഗര്‍ സിനിമയിലെ പാട്ട്‌ അന്‍ജിത ആവശ്യപ്പെട്ടു. ഹോട്ടല്‍ ഉടമ റോയ്‌ ജോസഫിനോടു പറഞ്ഞ്‌ ആ പാട്ട്‌ പ്ലേ ചെയ്‌തു. യുവതികള്‍ കുറഞ്ഞതോതില്‍ മദ്യം കഴിച്ചിട്ടുണ്ടാകാം. എന്നാല്‍, മയക്കുമരുന്ന്‌ ഉപയോഗിച്ചിട്ടില്ല.

ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നു. ബാര്‍ സമയം കഴിഞ്ഞതിനാല്‍ അയാള്‍ ആവശ്യപ്പെട്ട മദ്യം കൊടുക്കാന്‍ കഴിഞ്ഞില്ല. താന്‍ റോയിയോട്‌ പറഞ്ഞതനുസരിച്ചാണു ജീവനക്കാര്‍ രണ്ട്‌ പെഗ്‌ മദ്യം കൂടി നല്‍കിയത്‌. ഹോട്ടല്‍ വിട്ടുപോകുന്നതിന്‌ വളരെ സമയം മുമ്പാണ്‌ ഡ്രൈവര്‍ കൂടുതല്‍ മദ്യം ആവശ്യപ്പെട്ടത്‌.

അപകടം നടക്കുന്നതിന്‌ അരമണിക്കൂര്‍ മുമ്പുവരെ താന്‍ ഹോട്ടലില്‍ മോഡലുകളോടു സംസാരിച്ചിരുന്നെന്നും സൈജു പറഞ്ഞു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതിനാല്‍ യുവതികളെ താന്‍ കൊണ്ടുവിടാമെന്നു പറഞ്ഞു. എന്നാല്‍, ഡ്രൈവര്‍ സമ്മതിച്ചില്ല. രാത്രി ഹോട്ടലില്‍ തങ്ങിയശേഷം രാവിലെ പോയാല്‍ മതിയെന്നു പറഞ്ഞതും അവഗണിച്ചു.

യുവതികളുടെ സുരക്ഷയോര്‍ത്ത്‌ താന്‍ കാറില്‍ പിന്തുടര്‍ന്നു. കുണ്ടന്നൂര്‍ സിഗ്നലില്‍ എത്തിയപ്പോള്‍ യുവതികളുടെ കാറിന്റെ ഡ്രൈവര്‍ക്കു മുന്നറിയിപ്പ്‌ നല്‍കി. ഇനി വേഗം കുറച്ച്‌ പൊയ്‌ക്കോളാമെന്നു ഡ്രൈവര്‍ പറഞ്ഞു. അതോടെ, അവര്‍ക്കു മുന്നില്‍ താന്‍ വണ്ടിയോടിച്ചു. വൈറ്റില പാലം എത്തുന്നതിനു തൊട്ടുമുമ്പ്‌ അവരുടെ കാര്‍ മറികടന്ന്‌ പാഞ്ഞു.

ചക്കരപ്പറമ്പ്‌ എത്തിയപ്പോള്‍ അപകടദൃശ്യം കണ്ടു. ആന്‍സി കബീര്‍ കാറില്‍നിന്നു തെറിച്ച്‌ റോഡില്‍ വീണുകിടക്കുകയായിരുന്നു. അന്‍ജിത ഷാജന്‍ സീറ്റുകള്‍ക്കിടയില്‍ മരിച്ചനിലയിലും. സുഹൃത്തുക്കളെ രക്ഷിക്കാനാണു താന്‍ പിന്നാലെ പോയതെന്നും സൈജു പറഞ്ഞു.