ഓസ്ലോ: ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പൽ നോർവേയിൽ യാത്രപുറപ്പെട്ടു. വർഷാവർഷം വേണ്ടി വരുന്ന 40,000 ഡീസൽ ട്രക്കുകളുടെ യാത്രക്കു പകരമാവും ഈ കപ്പൽ യാത്ര. ഫോസിൽ ഇന്ധനം ആവശ്യമില്ലാത്ത കാർബൺ ബഹിർഗമനം തീരെ ഇല്ലാത്തതുമായ ഈ ഇലക്ട്രിക് കപ്പൽ പരിസ്ഥിതി സൗഹാർദ്ദമായ കടൽമാർഗ്ഗ സഞ്ചാരത്തിലെ വലിയ കാൽവെപ്പാണെന്നാണ് കരുതപ്പെടുന്നത്.
സാധാരണ കപ്പലുകളിലെ മെഷീൻ റൂമിനു പകരം ‘യാര ബിർക്ക്ലാൻഡ’ എന്ന കപ്പലിൽ ബാറ്ററി കംപാർട്മെന്റുകളാണുണ്ടാവുക. പ്രവർത്തനതിന് ജലവൈദ്യുതിയെ ആശ്രയിക്കുന്ന കപ്പലിന്റെ ബാറ്ററിക്ക് 6.8 മെഗാവാട്ട് ശേഷിയുണ്ട്. നൂറ് ടെസ്ലകൾക്ക് തുല്യമായാണ് ഇത് കണക്കാക്കപ്പെടുന്നു.
വെള്ളിയാഴ്ചയാണ് ‘യാര ബിർക്ക്ലാൻഡ്’ എന്ന കപ്പൽ ആദ്യമായി പ്രദർശിപ്പിച്ചത്. തെക്കുകിഴക്കൻ പട്ടണമായ പോർസ്ഗ്രണിലെ ഒരു പ്ലാന്റിൽ നിന്ന് 120 കണ്ടെയ്നർ വളവുമായി എട്ട് മൈൽ അകലെയുള്ള ബ്രെവിക് തുറമുഖത്തേക്ക് കപ്പൽ ആദ്യ യാത്ര പുറപ്പെട്ടു. പ്രതിവർഷം 40,000 ഡീസൽ ട്രക്കുകളാണ് സാധാരണ ഈ പ്ലാന്റിൽ നിന്ന് യാത്രതിരിക്കുന്നത്. ഇലക്ട്രിക് കപ്പൽ ഈ ആവശ്യാർഥം യാത്ര തുടങ്ങുന്നതോടെ ഇന്ധനം ലാഭിക്കാം ഒപ്പം കാർബൺ ബിർഗമനവും കുറയ്ക്കാം.
മനുഷ്യനിർമ്മിതമായ എല്ലാ മലിനീകരണങ്ങളുടെയും മൂന്ന് ശതമാനം സംഭാവന ചെയ്യുന്നത് സമുദ്രമേഖലയാണ്. 2050 ഓടെ ഇത് 50 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. 2018 ൽ മാത്രം സമുദ്രമേഖല നൂറ് കോടി ടൺ ഹരിതഗൃഹ വാതകങ്ങളാണ് പുറന്തള്ളിയത്. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരമാണിത്. ട്രക്കുകൾക്ക് പകരം കപ്പൽ ഗതാഗതം ആരംഭിക്കുന്നതോടെ ഒരു വർഷം പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡിൽ 678 ടണ്ണിന്റെ കുറവ് സംഭവിക്കും.
80 മീറ്റർ ഉയരവും 3,200 ടൺ ഭാരവുമുള്ള കപ്പൽ രണ്ടു വർഷം പ്രവർത്തന പരീക്ഷണത്തിലായിരിക്കും. നാലോ അഞ്ചോ വർഷത്തിനുള്ളിൽ കപ്പലിൽ വീൽഹൗസിന്റെ ആവശ്യമേയുണ്ടാകുകയില്ലെന്ന് ഹോൾസെതർ പറഞ്ഞു. വീൽഹൗസിനുള്ളിൽ നിന്നുമാണ് ക്യാപ്റ്റൻ കപ്പൽ നിയന്ത്രിക്കുന്നത്. എന്നാൽ സെൻസറുകളുടെ സഹായത്തോടെ കപ്പലിന് സ്വയം 7.5 നോട്ടിക്കൽ മൈൽ സഞ്ചരിക്കാനുള്ള സാഹചര്യമുണ്ടായ ശേഷമേ വീൽഹൗസ് പ്രവർത്തനം നിർത്തുകയുള്ളൂവെന്നും ഹോൾസെതർ വിശദീകരിച്ചു.
കപ്പലുകൾ പലപ്പോഴും ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ കപ്പലുകളിലുണ്ടാവുന്ന പിഴവുകളുടെ ഭൂരിഭാഗവും മനുഷ്യരുടെ അശ്രദ്ധ മൂലമാണ് ഉണ്ടാകുന്നതെന്ന് പ്രൊജ്ക്റ്റ് മാനേജർ ജോസ്റ്റെയൻ ബ്രാറ്റൻ പറഞ്ഞു. എന്നാൽ സ്വയം നിയന്ത്രിതമായ കപ്പൽ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുമെന്ന പ്രത്യാശയും അദ്ദേഹം പങ്ക് വെച്ചു. യാര പിന്നിടേണ്ടി വരുന്ന ദൂരം ചെറുതാണെങ്കിലും അഭിമുഖീകരിക്കേണ്ട തടസ്സങ്ങൾ നിരവധിയാണന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.