കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിൽ രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കോടതി. മുഹമ്മദ് കോയ, നിസാമുദ്ദീൻ എന്നിവരെയാണ് വിചാരണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വരുന്ന 23 ന് ശിക്ഷ വിധിക്കും. 2003-ലെ സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ 2010-ലും 2011-ലുമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ കേസ് പ്രത്യേകം വിചാരണക്കെടുത്താണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. മാറാട് കേസിൽ ആകെ 148 പേരാണ് പ്രതികളായി ഉണ്ടായിരുന്നത്. കേസിൽ ഇതുവരെ 86 പേരെയാണ് ശിക്ഷിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഹമ്മദ് കോയയ്ക്കെതിരെ സ്ഫോടകവസ്തു നിരോധന നിയമപ്രകാരവും നിസാമുദ്ദീന്‍ എതിരെ കൊലക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.