ദൈഹരാബാദ്: ആന്ധ്രാപ്രദേശിൽ നാശം വിതച്ച് ന്യൂനമർദ്ദം. ആന്ധ്രപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളിൽ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. തീർഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിന് പരിസരത്തും വെള്ളപ്പൊക്കമുണ്ടായി.
ആന്ധ്രയിലെ വിവിധ നഗരങ്ങളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് തിരുപ്പതിയിൽ ഇറക്കേണ്ട പല വിമാനങ്ങളും വഴി തിരിച്ച് വിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു.
ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴ മുന്നറിയിപ്പിനെ തുടർന്ന് വെള്ളിയാഴ്ച തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരപ്പത്തൂർ, വെല്ലൂർ ജില്ലകളിലാണ് കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്.
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. ഇത് വെള്ളിയാഴ്ച പുലർച്ചെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒരാഴ്ചയ്ക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണിത്.