ഓക്‌സിജന്‍ സഹായത്തോടെ ജീവിക്കുന്ന വീട്ടമ്മ താമസിക്കുന്ന വീട് ഇടിഞ്ഞു വീണു

എടത്വ: ഓക്‌സിജന്‍ സഹായത്തോടെ ജീവിക്കുന്ന വീട്ടമ്മ താമസിക്കുന്ന വീട് വെള്ളപ്പൊക്കത്തില്‍ ഇടിഞ്ഞു വീണു. തലവടി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ തുണ്ടിചിറയില്‍ എം.പി സീലാസിന്റെ വീടാണ് പൂര്‍ണ്ണമായി ഇടിഞ്ഞു വീണത്. തൂണുകള്‍ മറിഞ്ഞതിനെ തുടര്‍ന്ന് മുന്‍വശത്തെ ഷീറ്റുകളും മേല്‍ക്കൂരയുടെ ഓടും താഴെ വീഴുകയായിരുന്നു.

ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന രോഗിയായ ഭാര്യ പൊന്നമ്മയെയും, സീലാസിനെയും ഇന്നലെ മറ്റൊരു വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. വെള്ളപ്പൊക്കത്തിന് മുന്‍പ് ഇവര്‍ മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പൊന്നമ്മ ദീര്‍ഘനാളായി ഓക്‌സിജന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഭാര്യയുടെ ചികിത്സ ചിലവ് താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് വീട് പൂര്‍ണ്ണമായി ഇടിഞ്ഞ് താഴ്ന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ വീട് ഭാഗികമായി തകര്‍ന്നിരുന്നു. വീട് താല്കാലിക തൂണിന്റെ സഹായത്തിലാണ് നിലനിന്നിരുന്നത് ഈ വീടാണ് പൂര്‍ണ്ണമായി തകര്‍ന്ന് വീണത്.