ചെന്നൈ: തമിഴ്നാട്ടിൽ ബ്രഹ്മണ യുവാക്കൾക്കു പെണ്ണുകിട്ടാനില്ല. ഇതേത്തുടർന്ന്, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്നു സമാന സമുദായത്തിൽപ്പെട്ട പെണ്‍കുട്ടികളെ തേടി കണ്ടെത്തി യുവാക്കൾ നേരിടുന്ന ‘പ്രതിസന്ധി’ക്കു പരിഹാരം കാണാൻ തമിഴ്നാട്ടിലെ ബ്രാഹ്മണരുടെ സംഘടന നീക്കമാരംഭിച്ചു.
30നും 40നും ഇടയിൽ പ്രായമുള്ള 40,000ൽ അധികം യുവാക്കളാണു ബ്രാഹ്മണ യുവതികളെ കണ്ടെത്താതെ ‘ബുദ്ധിമുട്ടുന്നതെന്നും’ ഇതാണ് പുറത്തുനിന്നു പെണ്‍കുട്ടികളെ തേടാൻ കാരണമെന്നും തമിഴ്നാട് ബ്രാഹ്മണ അസോസിയേഷൻ (തന്പ്രാസ്) പ്രസിഡന്റ് എൻ. നാരായണ്‍ സംഘടനാ മാസികയിൽ എഴുതിയ തുറന്ന കത്തിൽ പറഞ്ഞു.
പത്തു ബ്രാഹ്മണ യുവാക്കൾക്കു വെറും ആറു യുവതികൾ എന്നതാണ് തമിഴ്നാട്ടിലെ അനുപാതമെന്നും ഉത്തരേന്ത്യൻ യുവതികളെ കണ്ടെത്താൻ ഡെൽഹി, ലക്നോ, പാറ്റ്ന എന്നിവിടങ്ങളിൽ ഹിന്ദിയിൽ പ്രാവീണ്യമുള്ള പ്രതിനിധികളെ സംഘടന നിയമിക്കുമെന്നും നാരായണ്‍ പറയുന്നു. നിരവധി ബ്രാഹ്മണ സമുദായക്കാർ നീക്കത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.