വിമാനയാത്രയിൽ സഹയാത്രികന് രക്ഷകനായ ഡോക്ടറായ കേന്ദ്രമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: വിമാനയാത്രയിൽ സമയോചിതമായ ഇടപെടലിലൂടെ സഹയാത്രികന് വൈദ്യസഹായം നൽകി രക്ഷിച്ച ഡോക്ടറായ കേന്ദ്രമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെൽഹിയിൽനിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യവേ, തലചുറ്റൽ അനുഭവപ്പെട്ട സഹയാത്രികനെ കേന്ദ്ര സഹമന്ത്രി ഡോ. ഭഗവത് കരാടിന്റെ ഇടപെടലാണ് രക്ഷിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. യാത്രയ്ക്കിടെ അടുത്തിരുന്ന യാത്രക്കാരൻ വിയർക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ചെയ്യുന്നത് കരാടിന്റെ ശ്രദ്ധയിൽപ്പെട്ടു. അയാൾ സീറ്റിലേക്ക് വീഴുന്നതു കണ്ട മന്ത്രി അദ്ദേഹത്തിന്റെ സമീപമെത്തി പരിശോധിച്ചു.

യാത്രക്കാരൻ നന്നായി വിയർക്കുന്നുണ്ടായിരുന്നെന്നും രക്തസമ്മർദം കുറഞ്ഞിരുന്നെന്നും ഡോ.കരാട് വാർത്ത ഏജൻസിയോട് പറഞ്ഞു. പരിശോധനയ്ക്കു ശേഷം ഗ്ലൂക്കോസ് നൽകാൻ ആവശ്യപ്പെട്ടു. ഇതോടെ യാത്രക്കാരൻ സാധാരണ നിലയിലേക്ക് തിരികെയെത്തിയെന്നും മന്ത്രി ഭഗവത് കരാട് പറഞ്ഞു.