പാലക്കാട് കണ്ണന്നൂരിൽ ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ; ആയുധങ്ങൾ സഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് നിഗമനം

പാലക്കാട്: കാണ്ണന്നൂരിൽ മാരകായുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദേശീയ പാതയ്ക്കരികെ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. മമ്പുറത്ത് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം പട്ടാപ്പകൽ സ്വന്തം ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നിട്ടും ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലയാളികളായ എസ് ഡി പി ഐ പ്രവർത്തകരെ തിരിച്ചറിയാൻ പോലുമാകാത്ത അവസ്ഥയിലാണ് കേരള പൊലീസ്. മുഖം പോലും മറക്കാതെയാണ് അക്രമികൾ ക്രൂരമായി വെട്ടിക്കൊന്നത്. സഞ്ജിത്തിനെ ആക്രമിച്ചത് അഞ്ച് പേരാണെന്ന് സഞ്ജിത്തിന്റെ ഭാര്യ അർഷിത വെളിപ്പെടുത്തുന്നു. സഞ്ജിത്തിനെ അർഷിതയുടെ മുന്നിലിട്ടാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. നാല് പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് പോലീസ് പറഞ്ഞത്.

രാവിലെ 8.40ന് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നും, ഗട്ടർ വന്ന് ബൈക്ക് സ്ലോ ആക്കിയപ്പോൾ കാറിൽ വന്നവർ വെട്ടുകയായിരുന്നുവെന്നും അർഷിത പറയുന്നു. അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അവരെ ഇനി കണ്ടാൽ തിരിച്ചറിയും. ആരും മുഖം മറച്ചിരുന്നില്ല. സജിത്തിന് ഭീഷണിയുണ്ടായിരുന്നു. അതിനാൽ ഒരാഴ്ച മുന്നേ മമ്പറത്തുള്ള തന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. തന്നെ വലിച്ച് ചാലിലേക്ക് ഇട്ട ശേഷം, നാട്ടുകാരുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ വെട്ടിയതെന്നും അർഷിത പറഞ്ഞു.

ഇന്നലെ രാവിലെ 9 മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. ഭാര്യയെ നഗരത്തിലെ ജോലിസ്ഥത്തേക്ക് കൊണ്ടുപോകുമ്പോൾ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അർഷികയ്‌ക്ക് മുന്നിൽ വച്ച് വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സഞ്ജിത്ത് മരിച്ചിരുന്നു. ശരീരത്തിൽ മുപ്പതോളം വെട്ടുകൾ ഉണ്ടായിരുന്നു. സഞ്ജിത്തിന് നേരെ നേരത്തേയും എസ്ഡിപിഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് ശക്തമായ വിമർശനം ഉയരുന്നുണ്ട്.

അതേസമയം, കൊലപാതകം നടത്തിയ ശേഷം അക്രമിസംഘം ജില്ലാ കടന്നതായാണ് പൊലീസ് ഭാഷ്യം. തൃശൂർ ജില്ലയിലേക്ക് കടന്നെന്ന സൂചനയിൽ പാലിയേക്കര ടോൾ പ്ലാസയിലെ സിസിടിവി ഉൾപ്പെടെ പരിശോധിക്കാനാണ് പോലീസ് തീരുമാനം. ഇന്നലെ രാത്രി പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം വാളയാര്‍ – തൃശൂര്‍ ഹൈവേയില്‍ പ്രവേശിച്ചെന്ന് വ്യക്തമായതിനാല്‍ ഹൈവേ കേന്ദ്രീകരിച്ച് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്.

അക്രമികൾ വെളുത്ത കാറിലാണ് വന്നതെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം. കാർ ഉടമയെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. പ്രതികള്‍ വാഹനം ഉപേക്ഷിച്ചു പോകാനുള്ള സാധ്യയും പൊലീസ് തള്ളുന്നില്ല. കഴിഞ്ഞ വര്‍ഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

സഞ്ജിത്തിന്റെ കൊലപാതകത്തിൽ മരണകാരണമായത് തലയിലേറ്റ വെട്ടെന്നാണ് പോസ്റ്റ് മോർട്ടം പ്രാഥമിക നിഗമനം. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

സഞ്ജിത്തിനെ കൊലപ്പെടുത്തിയത് പരിശീലനം ലഭിച്ച തീവ്രവാദികളെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയത്. 2020 മുതൽ സഞ്ജിത്തിനെ വധിക്കാനുള്ള നീക്കം എസ്ഡിപിഐ സംഘം തുടങ്ങി എന്നാണ് വ്യക്തമാകുന്ന വിവരം എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ പോലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. നിയമങ്ങൾ പൂർണമായും തകർന്നിരിക്കുകയാണ്. എസ്ഡിപിഐ സംഘങ്ങളെ സഹായിക്കുന്ന നിലപാടാണ് സർക്കാരും പോലീസും സ്വീകരിച്ചിരിക്കുന്നത്.

24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനോ ഇതിന്പി ന്നിലുള്ള അന്വേഷണം ശക്തമാക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസ് പക്ഷാപാതപരമായിട്ടാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ രണ്ട് കൊലപാതകമാണ് എസ്ഡിപിഐ നടത്തിയത്. തൃശ്ശൂരിലെ ചാവക്കാട്ടും, പാലക്കാട്ടും രണ്ട് ചെറുപ്പക്കാരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.