ന്യൂഡെല്‍ഹി: രാജ്യത്തെ പെട്രോള്‍ -ഡീസല്‍ വിലയില്‍ സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. ഇന്ധന നികുതി കുറക്കാത്തത് സംബന്ധിച്ച് ജനങ്ങള്‍ വോട്ട് ചെയ്ത സംസ്ഥാന സര്‍ക്കാറുകളോട് ചോദിക്കാനായിരുന്നു നിര്‍മല സീതാരാമന്റെ പ്രതികരണം.
തിങ്കളാഴ്ച രാത്രി ധനമന്ത്രി നടത്തിയ വാര്‍ത്താസമ്മേളത്തിലാണ് രാജ്യത്ത് കുതിച്ചുയരുന്ന പെട്രോള്‍ -ഡീസല്‍ വിലയില്‍ സംസ്ഥാന സര്‍ക്കാറുകളെ വിമര്‍ശിച്ച് ധനമന്ത്രി രംഗത്തെത്തിയത്.
അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഇന്ധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും എന്തുകൊണ്ടാണ് ചില സംസ്ഥാനങ്ങള്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) കുറക്കാത്തതെന്ന് നിര്‍മല സീതാരാമന് ചോദിച്ചു. സംസ്ഥാനങ്ങളോട് വാറ്റ് കുറക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇന്ധനവില കുറക്കാത്തത് സംബന്ധിച്ച് ജനങ്ങള്‍ വോട്ട് ചെയ്ത സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടികളോട് ചോദിക്കണമെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു.
ജി.എസ്.ടി കൗണ്‍സില്‍ പെട്രാേളിന്റെയും ഡീസലിന്റെയും നിരക്ക് നിശ്ചയിക്കാതെ ഇവ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല -ധനമന്ത്രി പറഞ്ഞു. സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ രണ്ടുഗഡു ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് ഇതോടെ ഇരട്ടിത്തുക ലഭ്യമാകുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ, കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചിരുന്നു. പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. എക്സൈസ് തീരുവ കുറച്ചതോടെ വാറ്റ് നികുതി കുറക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.