അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ; 59 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ. 59 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി നിയമിച്ച ജീവനക്കാരെയാണ് കൊറോണ സാഹചര്യത്തിൽ ആശുപത്രി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാരണം കാണിച്ച് പിരിച്ചുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ജീവനക്കാർക്ക് ശമ്പളവും നൽകാനായിട്ടില്ല.

ഓഗസ്റ്റിന് മുമ്പുള്ള മൂന്ന് മാസത്തെ ശമ്പളം നൽകിയത് ട്രൈബൽ ഫണ്ട് വകമാറ്റിയാണ്. ഈ ഫണ്ട് തിരിച്ചടയ്ക്കാൻ ആശുപത്രിക്ക് നിർദ്ദേശം വന്നു, ഈ സാഹചര്യത്തിലാണ് പിരിച്ചുവിടൽ നടപടിയിലേക്ക് ആശുപത്രി മാനേജ്‌മെന്റ് നീങ്ങിയത്.

അട്ടപ്പാടിയിലെ ആദിവാസികൾ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണ് കോട്ടത്തറയിലേത്. ദേശീയ തലത്തിൽ തന്നെ ഏറ്റവും മികച്ച സേവനങ്ങൾക്ക് അവാർഡ് ലഭിച്ച താലൂക്ക് ആശുപത്രി. നേരത്തെ ആശുപത്രി ജീവനക്കാരുടെ ദുരിതം വാർത്തയായതിന് പിന്നാലെ ശമ്പളക്കുടിശ്ശിക കൊടുത്തു തീർക്കുമെന്ന് ആരോഗ്യമന്ത്രി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പിന്നീട് തിരിഞ്ഞു നോക്കിയില്ല.

കുടിശ്ശിക കൊടുത്ത് തീർക്കണമെന്ന പട്ടിക ജാതി പട്ടിക വർഗ കമ്മീഷൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിലും ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് കോട്ടത്തറ ആശുപത്രിയാണ്. മതിയായ ജീവനക്കാർ ഇല്ലാതിരുന്നിട്ടും മികച്ച നേട്ടം കൈവരിച്ച ആശുപത്രിയെ സർക്കാർ അവഗണിക്കുകയാണെന്ന പരാതിയാണ് ഉയരുന്നത്.