ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ച ര​ണ്ട​ര വ​യ​സു​കാ​ര​ന്‍റെ അ​മ്മ​ ആ​ശു​പ​ത്രി​യി​ൽ ; കുട്ടി വിവാഹസദ്യ കഴിക്കാന്‍ പോയ വീട്ടില്‍ ആരോഗ്യവകുപ്പിൻ്റെ ‌പരിശോധന

കോ​ഴി​ക്കോ​ട്: ന​രി​ക്കു​നി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ച ര​ണ്ട​ര വ​യ​സു​കാ​ര​ന്‍റെ അ​മ്മ​യും ആ​ശു​പ​ത്രി​യി​ൽ. ശാ​രീ​രി​ക അ​സ്വ​സ്ഥ്യ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് പന്നിക്കോട്ടൂർ കുണ്ടായി ചെങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യെമിനാണ് മരിച്ചത്.

മരണം ഭക്ഷ്യവിഷബാധയാലെന്നാണ് നിഗമനം. സമാന ലക്ഷണങ്ങളോടെ 11 കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.

അതേസമയം സംഭവത്തിൽ കുട്ടി വിവാഹസദ്യ കഴിക്കാന്‍ പോയ വീട്ടില്‍ ആരോഗ്യവകുപ്പ് ‌പരിശോധന നടത്തി. കഴിഞ്ഞ വ്യാഴാഴ്ച ചെങ്ങളകണ്ടിയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവരാണ് ഭക്ഷ്യവിഷബാധ ലക്ഷണങ്ങളോടെ ആശുപത്രിയിലായത്. എല്ലാവരും അയൽവാസികളും ബന്ധുക്കളുമാണ്.

വിവാഹത്തിൽ പങ്കെടുത്തതിന്റെ പിറ്റേന്നാണ് ഇപ്പോൾ ചികിത്സയിലുള്ളവർക്ക് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടത്. കടുത്ത ഛർദിൽ അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ടാണ് മുഹമ്മദ് യെമിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. രാത്രിയോടെ ശരീരം തളർന്ന് നീല നിറം ബാധിച്ച് ആരോഗ്യനില വഷളായതോടെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.