റാന്നി: സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യയുടെ 10 പവന്റെ സ്വർണാഭരണങ്ങളും ശമ്പളവുമായി കടന്നയാൾ പിടിയിൽ. പുതുശേരിമല ഫിറോസ് നിവാസിൽ റഹിം (65) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28ന് ഭാര്യ ജോലിക്ക് പോയ സമയം അലമാര വെട്ടിപ്പൊളിച്ചാണ് ഇയാൾ സ്വർണവും പണവും എടുത്തതെന്ന് പൊലീസ് പറഞ്ഞു. മോഷണവിവരം അറിഞ്ഞ് വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
വീട്ടിൽനിന്ന് ‘ഞാൻ പോകുന്നു’ എന്നെഴുതിയ കത്ത് കിട്ടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് ഭർത്താവാണെന്ന സൂചന ലഭിച്ചത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയ ശേഷമായിരുന്നു റഹിമിന്റെ യാത്ര. നൂറോളം ലോഡ്ജുകളിൽ പൊലീസ് പരിശോധന നടത്തിയിട്ടും ഇയാളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല.
മറ്റൊരാളുടെ ഫോണിൽനിന്ന് റഹിം ബന്ധുവിനെ വിളിച്ചതാണ് അന്വേഷണത്തിനു വഴിത്തിരിവായത്. തുടർന്ന് തിരുവനന്തപുരം ആറ്റിങ്ങലിൽ നിന്ന് ഇയാൾ പിടിയിലാകുകയായിരുന്നു.മോഷ്ടിച്ച സ്വർണം പകുതി വിറ്റതായും ബാക്കി പലയിടങ്ങളിൽ പണയപ്പെടുത്തിയതായും കണ്ടെത്തി.
50,000 രൂപ ചെലവഴിച്ചിരുന്നു. ഒരു ലക്ഷം രൂപ കൈവശം ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ റഹിമിനെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എം.ആർ.സുരേഷിന്റെ നേതൃത്വത്തിൽ എസ്സിപിഒമാരായ മണിലാൽ, വിനോദ്, സിപിഒ വിനീത് എന്നിവരാണ് അന്വേഷണം നടത്തിയത്.