ജ്വല്ലറി തുടങ്ങാൻ സ്വർണം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പ്രതി പിടിയിൽ

മലപ്പുറം: ജ്വല്ലറി തുടങ്ങാൻ സ്വർണം വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. കോയമ്പത്തൂർ അമൃതം ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി റെജി ജോസഫ് (അമൃതം റെജി) ആണ് പിടിയിലായത്. പോത്തുകല്ല് പൊലീസ് ഇൻസ്പെക്ടർ കെ.ശംഭുനാഥിന്റെ നേതൃത്വത്തിൽ തൃശൂരിൽനിന്നാണു പിടികൂടിയത്.

പോത്തുകല്ല് മുരുകാഞ്ഞിരം വിജയഭവനിൽ സുഭാഷ് ഉപ്പട ആനക്കല്ലിൽ ആരംഭിക്കാനിരുന്ന ജ്വല്ലറിക്ക് സ്വർണം നൽകാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണു കേസ്. റെജി ജോസഫും ഭാര്യയും ഡയറക്ടർമാരായ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് സുഭാഷ് പണം അയച്ചത്. ഇവരുടെ ഡ്രൈവർ ജോൺസനാണ് കമ്പനി അക്കൗണ്ടിൽനിന്നു പണം പിൻവലിച്ചത്.

കേസിലെ മൂന്നാം പ്രതിയായ ജോൺസനെ കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഡിഎംകെ കേരള ഘടകം പ്രസിഡന്റ്, ഇന്ത്യ– മലേഷ്യ ചേംബർ ഓഫ്‍ കൊമേഴ്സ് പ്രസിഡന്റ്, യുഎൻ ഗ്ലോബൽ ബിസിനസ് മെംബർ, ജെം ആൻഡ് ജ്വല്ലറി ട്രേഡിങ് കൗൺസിൽ അംഗം തുടങ്ങിയ പദവികളുണ്ടെന്നും ശ്രീലങ്ക, മലേഷ്യ, ദുബായ് എന്നിവിടങ്ങളിൽ ബിസിനസുണ്ടെന്നുമാണ് റെജി ജോസഫ് സുഭാഷിനോടു പറഞ്ഞത്. വിശ്വാസം നേടാൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രമുഖ രാഷ്ട്രീയക്കാർക്ക് ഒപ്പമുള്ള ചിത്രങ്ങളും കാണിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.