ഒരേ വർഷം ജനനം; , ഒന്നിച്ച് ഒരേ സ്കൂളിൽ അധ്യാപികമാരായി ; മരണത്തിലും ഒന്നിച്ചു

കോട്ടയം: ഒരേ വർഷം ജനിച്ച്, ഒന്നിച്ച് ഒരേ സ്കൂളിൽ അധ്യാപികമാരായി, ഒരേ ദിവസം തന്നെ വിരമിച്ചവർ മരണത്തിലും ഒന്നിച്ചു. അയ്മനം പിജെഎം യുപി സ്കൂളിലെ അധ്യാപികമാരായിരുന്ന എലിസബത്ത് കുര്യൻ (ലീലാമ്മ – 85), തങ്കമ്മ വർഗീസ് (84) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.

ഇരുവരും തൊട്ടടുത്ത സ്ഥലങ്ങളിലായിരുന്നു താമസം. 1937ൽ ആണ് ജനനം. വിവാഹത്തിനു ശേഷം രണ്ടു പേർക്കും ഒരേ സ്കൂളിൽ ജോലി കിട്ടി. സ്കൂളിൽ പോയി വരാനുള്ള സൗകര്യത്തിനായി ഇരുവരും കുടമാളൂരിൽ വീടു വച്ചു. 1992 മാർച്ച് 31നു വിരമിച്ചു.

എലിസബത്ത് കുര്യൻ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മരിച്ചത്. മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ തങ്കമ്മ വർഗീസും വിടപറഞ്ഞു.

വെള്ളൂർ പരേതനായ വി.പി.അലക്സാണ്ടറുടെ ഭാര്യയാണ് എലിസബത്ത്. കുമ്മനം പനയോലയിൽ കുടുംബാംഗമാണ്. സംസ്കാരം നടത്തി. മക്കൾ: സൂസൻ (ബഹ്റൈൻ), വിനു (ടാക്സ് കൺസൽട്ടന്റ്). മരുമക്കൾ: പി.എം.ജോൺ (ബഹ്റൈൻ), അലിന.

തുണ്ടിപ്പറമ്പിൽ ടി.ടി.വർഗീസിന്റെ ഭാര്യയാണ് തങ്കമ്മ. സംസ്കാരം ഇന്ന് 3നു കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയത്തിൽ. ആലപ്പുഴ പാലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ബിജു (അക്കൗണ്ടന്റ് കുടമാളൂർ പള്ളി), ബാസ്റ്റൻ, ബീന, ബെന്നി. മരുമക്കൾ: ഓമന, ഡെയ്സി, കുമാരനല്ലൂർ പുത്തൻകുളങ്ങര ബാബു, ജീമോൾ.