തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ഭയാനകമായ ചിത്രമാണ് സിഎജി റിപ്പോർട്ടിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് സിഎജി അടിവരയിട്ട് പറയുന്നതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ സന്പദ് വ്യവസ്ഥ തകരുകയാണ്. ഭീമമായ കടം സംസ്ഥാനത്തിന്റെ മേൽ കെട്ടിവയ്ക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വൻ തുക വായ്പ വാങ്ങിയാണ് സിൽവർ ലൈൻ കൊണ്ടുവരുന്നത്. സർക്കാരിന് ആസൂത്രണമില്ല. സംസ്ഥാനത്തിന്റെ സന്പദ് വ്യവസ്ഥ തകരുകയാണെന്നും സതീശൻ പറഞ്ഞു.
പ്രളയ മുന്നൊരുക്കത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് സിഎജി റിപ്പോർട്ട് പുറത്തുവന്നിരുന്നു. വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സർക്കാർ സിഎജിയോട് സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു അന്വേഷണം നടത്താൻ പോലും സർക്കാർ തയാറായില്ല. കുറ്റക്കാരെ സംരക്ഷിക്കാനുള്ള സർക്കാർ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു.
ദേശീയ ജലനയം അനുസരിച്ച് കേരളം സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജല നയത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഡാം മാനേജ്മെന്റിൽ പാളിച്ചകൾ പറ്റി. പ്രളയത്തിൽ ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടമായതിൽ സർക്കാരിന് പങ്കുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.