പത്തനംതിട്ട: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലയില്‍ വീണ്ടും ഉരുള്‍ പൊട്ടൽ ഭീഷണി. ശബരിമല വനമേഖലയില്‍ ഇന്നലെ രാത്രി ഉരുള്‍പൊട്ടി. സന്നിധാനത്തെ വനമേഖലയില്‍ നിന്നു കുതിച്ചെത്തിയ വെള്ളം ഞുണങ്ങാറില്‍ ശബരിമല തീര്‍ഥാടനകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പണിത താത്കാലിക പാലം ഒഴുക്കിക്കൊണ്ടുപോയി.
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ സ്ഥിതി ചെയ്യുന്ന ചെറിയാനവട്ടം ഭാഗവും വെള്ളത്തില്‍ മുങ്ങി. ഞുണങ്ങാറ്റിലൂടെ ശക്തമായ ജലമൊഴുക്കാണ് വൈകുന്നേരം മുതല്‍ ഉണ്ടായത്. മരങ്ങളടക്കം ഒഴുകിവരുന്നുണ്ട്.
രാത്രിയോടെയാണ് വനമേഖലയില്‍ ഉരുള്പൊട്ടിയതെന്നു കരുതുന്നു. ഉരുള്‍പൊട്ടിയ സ്ഥലം കണ്ടെത്തിയിട്ടില്ല. മഴ തുടരുന്നതിനാല്‍ വനമേഖലയിലേക്ക് ആരും പോയിരുന്നില്ല. ഇന്നു സ്ഥലപരിശോധന നടത്തും. മഴ തുടരുന്നത് ശബരിമല തീര്‍ഥാടനകാല മുന്നൊരുക്കങ്ങളെ സാരമായി ബാധിച്ചു.
2018ലെ മഹാപ്രളയത്തില്‍ തകര്‍ന്ന ഞുണങ്ങാര്‍ പാലത്തിനു പകരമാണ് തീര്‍ഥാടനകാലത്തു താത്കാലിക പാലം നിര്‍മിക്കുന്നത്. പൈപ്പിട്ടു മണല്‍ച്ചാക്ക് അടുക്കിയാണ് പാലം നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ മേഖലകളില്‍ രാത്രിയില്‍ ആരംഭിച്ച മഴ തുടരുകയാണ്. രാവിലെ മുതല്‍ ജില്ലയുടെ മറ്റു ഭാഗങ്ങളിലും മഴ ശക്തിപ്പെട്ടിട്ടുണ്ട്. നദികളിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ കോന്നി കൊക്കാത്തോട്, സീതത്തോട് കോട്ടമണ്‍പാറ, റാന്നി കുരുമ്പന്‍മൂഴി ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടിയത്. വന്‍ നാശനഷ്ടമാണ് ഈ ഭാഗങ്ങളിലുണ്ടായത്. അച്ചന്‍കോവില്‍, പമ്പ നദികളില്‍ ജലനിരപ്പുയര്‍ന്നിരുന്നു.
അച്ചന്‍കോവില്‍ വനമേഖലയിലടക്കം ഉരുള്‍പൊട്ടിയതോടെ മിന്നല്‍ പ്രളയം തീരങ്ങളിലുണ്ടായി. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ഇന്നലെ പകല്‍ മാറിനിന്നത് ആശ്വാസമായിരുന്നു.
എന്നാല്‍ രാത്രിയോടെ പല ഭാഗങ്ങളിലും മഴ ആരംഭിച്ചു. രാവിലെയോടെ ഇതു ശക്തിപ്പെട്ടിരിക്കുകയാണ്. മഴ തുടരുന്നതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ഏറെ ഭീതിയിലാണ്. മേഘവിസ്ഫോടനം അടക്കം കഴിഞ്ഞദിവസം ഉണ്ടായ പ്രദേശങ്ങളാണിത്. കുറഞ്ഞ സമയപരിധിക്കുള്ളില്‍ കൂടുതല്‍ മഴ ലഭിച്ചതായാണ് കണക്ക്.