രാജ്യത്ത് ഇരുചക്ര വാഹന വ്യവസായ മേഖലയിൽ വൻ വിൽപ്പന ഇടിവ്

ന്യൂഡെൽഹി: രാജ്യത്ത് ഇരുചക്ര വാഹന വ്യവസായ മേഖലയ്ക്ക് വൻ വിൽപ്പന ഇടിവ്. 2021 ഒക്ടോബറിൽ വന്ന വാഹന വില്‍പ്പന കണക്ക് പ്രകാരമാണിത്. രാജ്യത്തെ ആറ് മുൻ നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളുടെ വില്‍പ്പന ഡാറ്റ നോക്കുമ്പോൾ 2020 ഒക്ടോബറില്‍ 19,85,690 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് 2021 ഒക്ടോബറില്‍, മൊത്തം 14,77,313 യൂണിറ്റുകലാണ് വിറ്റത്.

കണക്കുകൾ പ്രകാരം വില്‍പ്പനയില്‍ 26 ശതമാനത്തിന്‍റെ വാര്‍ഷിക ഇടിവാണ് സംഭവിച്ചിരിക്കുന്നത്. പെട്രോള്‍ വില രാജ്യത്തുടനീളം ലിറ്ററിന് 100 രൂപ കടന്നതാണ് ഈ വില്‍പ്പന തകര്‍ച്ചയുടെ മുഖ്യ കാരണമായി കണക്കാക്കുന്നത്.

സാധാരണഗതിയില്‍ നിര്‍മ്മാതാക്കള്‍ക്ക് മികച്ച വരുമാനം നല്‍കുന്ന വിഭാഗമാണ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ മാര്‍ക്കറ്റ്. ഈ വാഹനങ്ങള്‍ വാങ്ങുന്നവരില്‍ നല്ലൊരു പങ്കും ഗ്രാമീണ ഇന്ത്യയില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ കുതിച്ചുയരുന്ന ഇന്ധനവിലയുടെ ചൂട് ഈ മാര്‍ക്കറ്റിനെ കാര്യമായി ബാധിച്ചെന്നാണ് കരുതുന്നത്.