വെള്ളക്കടലാസ് ചോദിച്ചപ്പോള്‍ പുറത്തു പോയി വാങ്ങാന്‍ മറുപടി; ഒരു ബണ്ടില്‍ പേപ്പര്‍ എത്തിച്ച്‌ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം

പാലക്കാട്: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കാന്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ ഓഫീസില്‍ നിന്ന് എ ഫോര്‍ ഷീറ്റ് ചോദിച്ച, ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായിയെ മടക്കി അയച്ചു. കിടപ്പു രോഗിക്കു വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കാന്‍ എ ഫോര്‍ ഷീറ്റ് ചോദിച്ചത്. എന്നാല്‍ പുറത്ത് പോയി പേപ്പര്‍ വാങ്ങാനായിരുന്നു അധികൃതരുടെ മറുപടി.

ഇതിന് പിന്നാലെ തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം വേറിട്ട പ്രതിഷേധവുമായി രം​ഗത്തെത്തി. പേപ്പറില്ലെന്ന് പറഞ്ഞ ഓഫീസിലേക്ക് പ്രസിഡന്റ് ഒരു ബണ്ടില്‍ പേപ്പറും 20 പേനകളും എത്തിച്ചു നല്‍കി.

പ്രസിഡന്റ് കെപിഎം സലീം കിടപ്പു രോഗിയുടെ മെഡിക്കല്‍ ബോര്‍ഡിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കായാണ് ആശുപത്രിയില്‍ എത്തിയത്. ഓഫീസ് മുകളിലത്തെ നിലയിലായാതിനാല്‍ രേഖകളുമായി ഡ്രൈവറെ ഓഫീസിലേക്കു പറഞ്ഞുവിട്ടു. അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ ഒരു എ ഫോര്‍ ഷീറ്റ് ചോദിച്ചു. അത് നിങ്ങള്‍ പുറത്തുപോയി വാങ്ങണമെന്നായിരുന്നു ഓഫീസിലുണ്ടായിരുന്നവരുടെ മറുപടി.

അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രസി‍ഡന്റ് പേപ്പറും പേനയും എത്തിച്ചത്. സാധാരണക്കാരോടും ഭിന്നശേഷിക്കാരോടുമൊക്കെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്ര മോശമായാണു പെരുമാറുന്നതെന്നതിന് തെളിവാണ് തനിക്കുണ്ടായ അനുഭവമെന്ന് സലീം പറഞ്ഞു. ഇനിയെങ്കിലും ഇത് ആവര്‍ത്തിക്കാതിരിക്കാനാണു തന്റെ വേറിട്ട പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി.