കോട്ടയം: എംജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനി ദീപാ മോഹനൻ ജാതിവിവേചനത്തിനെതിരേ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നാനോ സയൻസ് തലവൻ ഡോ. നന്ദകുമാർ കളരിക്കലിനെ ചുമതലയിൽ നിന്ന് പുറത്താക്കിയെന്നും തന്റെ എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചുവെന്നും ദീപ പറഞ്ഞു. വൈസ് ചാൻസലർ ഡോ. സാബു തോമസുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് ദീപ സമരം അവസാനിപ്പിച്ചത്.
ദീപയ്ക്ക് ഗവേഷണത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും കൃത്യസമയത്ത് നൽകും. ഡോ. ഇ.കെ. രാധാകൃഷ്ണൻ ഗവേഷണ മാർഗദർശിയും ഡോ സാബു തോമസ് സഹമാർഗദർശിയുമായിരിക്കും. ഡോ. ബീന മാത്യുവിനെയും കോ ഗൈഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിസിക്സ് ഡിപ്പാർട്ട്മെന്റിലേക്കാണ് ഡോ. നന്ദകുമാറിനെ മാറ്റിയത്.
ഗവേഷകയുടെ പരാതി ചർച്ച ചെയ്യാൻ എംജി സർവകലാശാലയിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു. മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പ് തടസ്സങ്ങൾ മാറ്റി അനുവദിക്കാനുള്ള നടപടി സ്വീകരിക്കും തുടങ്ങിയ ഉറപ്പുകളും വൈസ് ചാൻസലർ ദീപയ്ക്ക് നൽകിയെന്നാണ് സൂചന.
2020 മാർച്ച് 24 മുതൽ നാലുവർഷം ഗവേഷണകാലയളവ് ദീർഘിപ്പിച്ച് നൽകും. യാതൊരു പ്രതികാര നടപടികളും ഉണ്ടാകില്ലെന്ന ഉറപ്പുകളും ദീപയ്ക്ക് ലഭിച്ചു. ജാതിഅധിക്ഷേപം നടത്തിയ അധ്യാപകനെ മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ദീപ. 11 ദിവസങ്ങൾ നീണ്ട നിരാഹാര സമരത്തിനൊടുവിലാണ് ദീപയുടെ ആവശ്യങ്ങൾ സർവകലാശാല അംഗീകരിച്ചിരിക്കുന്നത്.