‘ഭാര്യയെ ഭര്‍ത്താവ് പരി​ഗണിച്ചത് പണം കായ്ക്കുന്ന മരമായി മാത്രം’ ; പൊലീസ് ഉദ്യോ​ഗസ്ഥയ്ക്ക് വിവാ​ഹ മോചനം അനുവ​ദിച്ച്‌ ഹൈക്കോടതി

ന്യൂഡെല്‍ഹി: ഭാര്യയുടെ പണം മാത്രമാണ് ഭര്‍ത്താവ് പരി​ഗണിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോ​ഗസ്ഥയ്ക്ക് വിവാ​ഹ മോചനം അനുവ​ദിച്ച്‌ ഡല്‍ഹി ഹൈക്കോടതി. ഭാര്യയെ പണം കായ്ക്കുന്ന മരമായി മാത്രമാണു ഭര്‍ത്താവ് പരിഗണിച്ചതെന്നു കോടതി നിരീക്ഷിച്ചു.

യാതൊരു വൈകാരികമായ അടുപ്പവുമില്ലാതെ ഭൗതികമായ താത്പര്യങ്ങള്‍ മാത്രമാണ് ഭര്‍ത്താവിനുണ്ടായിരുന്നതെന്നും ഇതു ഭാര്യയ്ക്ക് മാനസികമായ ആഘാതമുണ്ടാക്കിയെന്നും ജസ്റ്റിസ് വിപിന്‍ സന്‍ഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭാര്യക്ക് ഡെല്‍ഹി പൊലീസില്‍ ജോലി കിട്ടിയതിനു ശേഷം മാത്രമാണ് ഭര്‍ത്താവിന് അവളില്‍ താത്പര്യം വര്‍ധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭാര്യക്കെതിരായ ക്രൂരതയായി ഇതു കണക്കാക്കാവുന്നതാണ്. ഭാര്യയുടെ
വരുമാനത്തില്‍ മാത്രമായിരുന്നു ഭര്‍ത്താവിന്റെ കണ്ണെന്നും കോടതി വ്യക്തമാക്കി. തൊഴില്‍ രഹിതനായ ഭര്‍ത്താവ് പണം ആവശ്യപ്പെട്ട് മദ്യ ലഹരിയില്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നു കാട്ടിയാണു യുവതി വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചത്. കുടുംബ കോടതി ഹര്‍ജി തള്ളിയതോടെയാണ് വിഷയം ഹൈക്കോടതിയിലെത്തിയത്.

2005ല്‍ വിവാഹിതരായിട്ടും 2014ല്‍ യുവതിക്ക് ഡെല്‍ഹി പൊലീസില്‍ ജോലി കിട്ടുന്നതുവരെ അവരെ ഭര്‍ത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ യുവതിയുടെ പഠനത്തിനു വേണ്ടി പണം മുടക്കിയത് താനാണെന്നും അതുകൊണ്ടാണ് ഭാര്യക്കു ജോലി കിട്ടിയതെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം. കോടതി ഇത് അംഗീകരിച്ചില്ല.