തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ കനക്കും. വ്യാഴാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്നതോടെയാണ് മഴ ശക്തമാകുന്നത്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സുമാത്ര തീരത്തായാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്. ഇത് അതിതീവ്ര ന്യൂനമർദ്ദമായി മാറാനും വടക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ സ്വാധീനഫലമായാണ് കേരളത്തിലും മഴ കനക്കുക.
ചെന്നൈയിൽ ഇപ്പോൾത്തന്നെ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ താഴ്ന്ന ഇടങ്ങളില്‍ പലയിടത്തും വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മൂന്ന് ജലസംഭരണികളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നതിനാല്‍ ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
നുങ്കമ്പാക്കം, ടി നഗര്‍, കൊരട്ടൂര്‍ അടക്കം താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കാരണം റെക്കോര്‍ഡ് മഴയാണ് ഇന്നലെ രാത്രി മുതല്‍ ചെന്നൈയില്‍. സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നിവിടങ്ങളിലും ശക്തമായ മഴയാണ്. ചെമ്പരമ്പാക്കം, പൂന്തി, പുഴല്‍ തടാകങ്ങളില്‍ പരമാവധി സംഭരണ ശേഷിയായി. 500 ക്യൂസെക്സ് വെള്ളം തുറന്നുവിടുന്നുണ്ട്.
തിങ്കളാഴ്ച വൈകിട്ട് വരെ നഗരത്തിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രളയാ സാധ്യതാ മേഖലകള്‍ സന്ദര്‍ശിച്ചു. ചെന്നൈയില്‍ മാത്രം അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി നഗരത്തിൽ എന്‍ഡിആര്‍എഫിനെ വിന്യസിച്ചു.