അഫ്ഗാനിസ്ഥാനിലെ രാഷ്‌ട്രീയ സംഘര്‍ഷം; ആറുമാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 460 കുട്ടികള്‍

കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാന്റെ രാഷ്‌ട്രീയ സംഘര്‍ഷത്തിന്റെ ഇരകള്‍ കൂടുതലും കുട്ടികളാണെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂണ്‍ വരെ 460 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പല ഭാഗത്തായി നടന്ന ആക്രമണങ്ങളിലും സംഘര്‍ഷങ്ങളിലുമാണ് ഇത്രയധികം കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഐക്യരാഷ്‌ട്ര ശിശുക്ഷേമ സമിതിയുടെ (യുനിസെഫ്) റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വസ്തുതകള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

രാജ്യത്തേക്ക് ഇനിയും സഹായഹസ്തം നീട്ടിയില്ലെങ്കില്‍ പട്ടിണിമൂലം പിഞ്ചുകുട്ടികളടക്കം തെരുവില്‍ മരിച്ചുവീഴുമെന്ന് ഐക്യരാഷ്‌ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യുനിസെഫ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടത്.

മാനസിക സംഘര്‍ഷങ്ങളുടെ പേരില്‍ ഓരോ ദിവസവും ഡോക്ടറെ സമീപിക്കുന്ന കൗമാരക്കാരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. അഫ്ഗാനിസ്താനില്‍ നാല് പതിറ്റാണ്ടിലേറയായി തുടരുന്ന സംഘര്‍ഷത്തില്‍ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതമാണ് താറുമാറായത്. ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തെയും കുടുംബത്തെയും ഉപേക്ഷിച്ച്‌ ജീവനുവേണ്ടി പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്.