തിരുവനന്തപുരം: ‘ഒന്നും പറയാനില്ല. ഒന്നും പറയേണ്ട കാര്യമില്ല. എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കു’- പാർട്ടി അച്ചടക്ക നടപടിയെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാതെ സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. എകെജി സെന്ററിൽ നിന്ന് പുറത്ത് വന്നപ്പോൾ പ്രതികരിക്കാൻ തയ്യാറാവാതിരുന്ന സുധാകരൻ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴും നിലപാട് മാറ്റിയില്ല.
സംസ്ഥാന സമിതി യോഗത്തിന് ശേഷം ജി. സുധാകരൻ നേരെ പോയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷമാണ് ജി. സുധാകരൻ ഗസ്റ്റ്ഹൗസിലേക്ക് മടങ്ങിയത്.
അമ്പലപ്പുഴ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതിൽ വീഴ്ച വന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സി.പി. എം ജി.സുധാകരനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്.