ചണ്ഡിഗഢ്: ഹരിയാനയിൽ ബിജെപി എംപി രാം ചന്ദർ ജംഗ്രയുടെ വാഹനം കർഷക പ്രതിഷേധക്കാർ തകർത്തു. ഹിസാർ ജില്ലയിൽ ഒരു ചടങ്ങിനെത്തിയപ്പോഴാണ് സമരക്കാർ രാം ചന്ദറിനെ വളഞ്ഞത്. പ്രതിഷേധക്കാർ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.
സമരക്കാരെ പോലീസ് പിരിച്ചുവിടാൻ നടത്തിയ ശ്രമം കൈയാങ്കളിയിലെത്തി. ഇതിനിടെയാണ് അദ്ദേഹത്തിന്റെ കാർ പ്രതിഷേധക്കാർ തകർത്തത്. രാം ചന്ദർ എത്തുമെന്നറിഞ്ഞ് പ്രതിഷേധക്കാർ നേരത്തെ തന്നെ പ്രദേശത്ത് തമ്പടിച്ചിരുന്നു.
ഇതേതുടർന്ന് വൻ പോലീസ് സന്നാഹമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരുന്നത്. കർഷകരെ തടയാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും അവരെ നിയന്ത്രിക്കാനായില്ല. പോലീസുമായുള്ള ഏറ്റമുട്ടലിൽ കർഷകർക്ക് പരിക്കുണ്ട്. ഇവരിൽ രണ്ടുപേരുടെ നില അതീവഗുരുതരമാണെന്ന് കർഷകസംഘടനകൾ അറിയിച്ചു.