കെഎസ്ആർടിസി ജീവനക്കാരുടെ സൂചനാ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം; കെഎസ്ആർടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് തുടങ്ങി. ശമ്പളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഇടത് -വലത്, ബിഎംഎസ് യൂണിയനുകള്‍ സംയുക്തമായി സമരം നടത്തുന്നത്. അർദ്ധരാത്രി ആരംഭിച്ച സമരം 48 മണിക്കൂര്‍ നീണ്ടുനിൽക്കും. എന്നാൽ സമരത്തെ നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍.

ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ,ബിഎംഎസിന്‍റെ എംപ്ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കും. എല്ലാ യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നതിനാൽ സംസ്ഥാനത്തെ ബസ് സര്‍വീസ് പൂര്‍ണമായും തടസ്സപ്പെടും. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. എന്നാൽ ഇതിനെ തള്ളിയാണ് യൂണിയനുകൾ സമരവുമായി മുന്നോട്ട് പോകുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമാനമായ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. എന്നാല്‍ ഇത് വലിയ സാമ്പത്തികബാധ്യതയ്ക്ക് ഇടയാക്കുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണ കരാറിന്‍റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. 5 വര്‍ഷം പിന്നിടുമ്പോഴും ശമ്പളപരിഷ്കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍.

ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് തുടങ്ങിയതെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. എന്നാല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്ന് ഗതാഗതമന്ത്രി പറയുന്നത്.