തൃശ്ശൂർ: പെട്രോളില്‍ വെള്ളം കലര്‍ത്തി വില്പന നടത്തിയ പമ്പ് നാട്ടുകാര്‍ അടപ്പിച്ചു. പമ്പില്‍ നിന്ന് ഇന്ധനം നിറച്ചുപോയ വാഹനങ്ങള്‍ ഒരു കിലോമീറ്റര്‍ പോയപ്പോഴേക്കും നിശ്ചലമായതോടെയാണ് സംഭവം വെളിച്ചത്തായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെട്രോളില്‍ വെള്ളം കലര്‍ന്നതാണെന്ന് മനസ്സിലായത്. ഇതോടെ പെട്രോള്‍ അടിച്ച് പോയവര്‍ പെട്രോള്‍ പമ്പിലെത്തി ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പമ്പ് അടച്ചു.
ബുധനാഴ്ച കാറില്‍ പെട്രോള്‍ നിറച്ച് തൃശൂരിലേക്ക് ജോലിക്ക് പോവുകയായിരുന്ന തളിക്കുളം സ്വദേശി സുനീഷിന്റെ വാഹനം കണ്ടശാംകടവില്‍ എത്തിയതോടെ നിശ്ചലമായി. തുടര്‍ന്ന് മെക്കാനിക്കിനെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിലാണ് പെട്രോളില്‍ കൂടുതലും വെള്ളമാണെന്ന് കണ്ടെത്തിയതെന്ന് സുനീഷ് പറഞ്ഞു. ഇതേ തുടര്‍ന്ന് പെട്രോള്‍ പമ്പില്‍ ബന്ധപ്പെട്ടപ്പോള്‍ കാരണം അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി മറ്റു ചില ആളുകളും ഇതേസമയം തന്നെ പമ്പിലെത്തി ബഹളം വച്ചു. തുടര്‍ന്ന് പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ഇതു സംബന്ധിച്ച് കമ്പനിക്കും പോലീസിലും പരാതി നൽകുമെന്ന് വാഹന ഉടമകൾ പറഞ്ഞു.