ന്യൂഡെൽഹി: ആധാർ നിയമലംഘനങ്ങൾക്ക് ഒരു കോടി രൂപ വരെ പിഴയീടാക്കും.ആധാർ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ)നൽകി കേന്ദസർക്കാർ വിജ്ഞാപനമിറക്കി.
നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്ത്ത പരിചയമുള്ള ജോയിന്റ് സെക്രട്ടറിതല ഉദ്യോഗസ്ഥനെ നിയമിക്കും. ഉദ്യോഗസ്ഥര്‍ എടുക്കുന്ന തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്.
സ്വകാര്യത സംരക്ഷിക്കുന്നതിനും യുഐഡിഎഐയുടെ സ്വയംഭരണാവകാശം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ട് 2019ലാണ് ബില്ല് പാര്‍ലമെന്റില്‍ പാസാക്കിയത്. എന്നാൽ യുഐഡിഎഐ അധികാരം നല്കുന്ന വിജ്ഞാപനം ഇന്നലെയാണ് പുറത്തിറങ്ങിയത്.
പിഴ വിധിക്കുന്നതിന് മുന്‍പ് നിയമലംഘനം നടത്തിയെന്ന് കണ്ടെത്തുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ നോട്ടീസ് നല്‍കണം. അവരുടെ വിശദീകരണം ലഭിച്ചതിന് മാത്രമേ പിഴ ചുമത്താന്‍ പാടുള്ളുവെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഇങ്ങനെ ഈടാക്കുന്ന പണം യുഐഡിഎഐയുടെ ഫണ്ടിലേക്ക് നിക്ഷേപിക്കണമെന്നും വിജ്ഞാപനത്തില്‍ നിർദേശിക്കുന്നു.