ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ് റോഡ് ഉപരോധ സമരം; കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും

കൊച്ചി: ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനിടെ നടൻ ജോജു ജോർജിനെ ആക്രമിച്ച കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. മുൻ മേയർ ടോണി ചമ്മിണിയെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ എട്ട് പ്രതികളാണ് ഉള്ളത്.
ഐ.എൻ.ടി.യു.സി നേതാവ് ജോസഫിനെ കഴിഞ്ഞ ദിവസം മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. സംഭവത്തില്‍ കഴിഞ്ഞ ദിവസം 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാം പ്രതി. വി.ജെ പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.

അനുമതിയില്ലാതെ റോഡ് ഉപരോധിച്ചെന്നാണ് എഫ്ഐആർ കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് സമരം ഉദ്‌ഘാടനം ചെയ്തത്. സമരത്തിന് അനുമതി നൽകിയിരുന്നില്ലായെന്ന് ഡിസിപി ഇന്നലെ പറഞ്ഞിരുന്നു. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഇന്നലെ കോൺഗ്രസ് നടത്തിയ സമരവുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് ഇതുവരെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. ജോജുവിനെതിരായ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്