ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് സ്പില്‍വേ ഷട്ടറുകൾ അടച്ചു. ബാക്കി മൂന്നെണ്ണം 50 സെന്റിമീറ്റർ ആയി കുറച്ചു. രാവിലെ എട്ടു മണിക്കാണ് ഷട്ടറുകൾ അടച്ചത്. 1,5,6 ഷട്ടറുകളാണ് അടച്ചത്. 2,3,4 ഷട്ടറുകൾ 50 സെൻ്റീ മീറ്റർ വീതമാണ് നിലവിൽ ഉയർത്തിയിട്ടുള്ളത്. അതേസമയം, സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ട് പരിശോധിക്കുകയാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്പിൽവേ തുറന്നതിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് സന്ദർശനം.
കേന്ദ്ര ജലക്കമ്മീഷൻ എക്സികൂട്ടീവ് എഞ്ചിനീയർ ശരവണ കുമാർ അധ്യക്ഷനായ സമിതിയിൽ ജലവിഭവ വകുപ്പിലെ എൻ എസ് പ്രസീദ്, ഹരികുമാർ എന്നിവർ കേരളത്തിൻ്റെ പ്രതിനിധികളും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇർവിൻ, കുമാർ എന്നിവർ തമിഴ്നാട് പ്രതിനിധികളുമാണ്. സ്പിൽവേ വഴി വെള്ളം തുറന്ന് വിട്ടതിനൊപ്പം അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പ് കുറയുന്നുണ്ട്. 138.15 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പാണുള്ളത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നിലവിൽ ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്.
ഇത് നാളെയോടെ അറബിക്കടലിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. ന്യൂനമർദ്ദം ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇതിനാലാണ് മഴ മുന്നറിയിപ്പ് ശക്തമാക്കിയത്. വ്യാഴാഴ്ച വരെ മഴ തുടർന്നേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.