ന്യൂഡെൽഹി: ഭാരത് ബയോടെക്കിന്റെ കൊറോണ വാക്സിന് അനുമതി നൽകിയ രാജ്യങ്ങളിൽ ഓസ്ട്രേലിയയും. അന്താരാഷ്ട്ര യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനായി ഓസ്ട്രേലിയ ഇന്ത്യയുടെ കോവാക്സിനെ അംഗീകരിക്കുകയായിരുന്നു. എന്നിരുന്നാലും, കോവാക്സിന് ലോകാരോഗ്യ സംഘടനയിൽ നിന്ന് ഇതുവരെ ക്ലിയറൻസ് ലഭിച്ചിട്ടില്ല. അതിനാൽ തന്നെ കോവാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാനുമതി ഇല്ല.
ലോകാരോഗ്യ സംഘടനയിൽ നിന്നും യൂറോപ്യൻ യൂണിയൻ, യുഎസ് എന്നിവയിൽ നിന്നും ഇന്ത്യയുടെ കോവാക്സിന് ക്ലിയറൻസ് ലഭിക്കാൻ വൈകിട്ടും കോവാക്സിനെ അംഗീകരിക്കാൻ തയ്യാറായ രാജ്യങ്ങളുണ്ട്. ഇന്ത്യയിലെ ഭാരത് ബയോടെക് നിർമ്മിച്ച ‘കോവാക്സിൻ’, ചൈനയിലെ സിനോഫാം നിർമ്മിച്ച BBIBP-CorV എന്നീ വാക്സിനുകൾ സ്വീകരിച്ച യാത്രക്കാർക്കാണ് പുതിയതായി ഓസ്ട്രേലിയ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയത്.
കോവാക്സിൻ വാക്സിൻ എടുത്ത 12 വയസും അതിനു മുകളിൽ പ്രായമുള്ളവർക്കും, BBIBP-CorV വാക്സിനേഷൻ എടുത്ത 18 മുതൽ 60 വയസ്സുവരെയുള്ളവർക്കുമാണ് രാജ്യത്തേക്ക് വരാൻ അംഗീകാരം നൽകിയത്. ഓസ്ട്രേലിയയെ കൂടാതെ ഇന്ത്യയുടെ കോവാക്സിനെ അംഗീകരിച്ച മറ്റ് രാജ്യങ്ങളാണ് മൗറീഷ്യസ്, ഒമാൻ, ഫിലിപ്പീൻസ്, നേപ്പാൾ, മെക്സിക്കോ, ഇറാൻ, ശ്രീലങ്ക, ഗ്രീസ്, എസ്റ്റോണിയ, സിംബാബ്വെ എന്നിവ. യാത്രക്കാരെ സംബന്ധിച്ച് ഓസ്ട്രേലിയയുടെ തീരുമാനം വളരെ ആശ്വാസം നൽകുന്നതാണ്.