പൊലീസിനും രക്ഷയില്ല; വിവിധ ജില്ലകളില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കവര്‍ച്ചാശ്രമം

ആലപ്പുഴ: കവര്‍ച്ച ശ്രമം തടയുന്നതിനിടെ സ്കൂട്ടറില്‍ നിന്ന് വീണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. ആലപ്പുഴ ചേര്‍ത്തലയില്‍ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെ സീനിയ‌ര്‍ സിവില്‍ പൊലീസ് ഓഫീസ‌ര്‍ അജിത കുമാരിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേര്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പച്ചക്കറി വാങ്ങുന്നതിനായി കടയ്ക്ക് സമീപത്ത് നിര്‍ത്താന്‍ വാഹനത്തിന്റെ വേഗത കുറച്ചപ്പോഴാണ് മാല കവരാന്‍ ഇവര്‍ ശ്രമിച്ചത്. അക്രമികളെ ചെറുക്കാനുള്ള ശ്രമത്തിനിടെ അജിത കുമാരി സ്കൂട്ടറില്‍ നിന്ന് നിലത്ത് വീഴുകയും കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വാഹനത്തില്‍ നിന്നും താഴേയ്ക്ക് വീണതിനാല്‍ അക്രമികളുടെ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കോട്ടയത്ത് ചങ്ങനാശേരിയിലും സമാന സംഭവമുണ്ടായി. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തടഞ്ഞുനിര്‍ത്തി ബ്രേസ്ലെറ്റ് കവരാന്‍ ശ്രമിച്ചു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് കറുകച്ചാലിലെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ദീപ്തിയ്ക്ക് നേരെയാണ് കവര്‍ചാശ്രമമുണ്ടായത്. ആഭരണം മോഷ്ടിക്കാന്‍ ശ്രമിച്ച കൈലാത്തുപടി മൂലമുറിയില്‍ സിറിയക്(33) അറസ്റ്റിലായി. എസ്‌എച്ച്‌ഒഇ അജീബ്, എസ്‌ഐ അനില്‍കുമാര്‍, എഎസ്‌ഐമാരായ ഗിരീഷ്, ചന്ദ്രകുമാര്‍, സാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.