ആര്യനെ കണ്ടത് ഭാഗ്യം; സഹതടവുകാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദ്ധാനം ചെയ്ത് ആര്യന്‍ ഖാന്‍

മുംബൈ:ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ കഴിയുകയായിരുന്ന ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സഹതടവുകാരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായി ജയില്‍ അധികൃതര്‍. ജയില്‍ വാസത്തിനിടെ പരിചയപ്പെട്ട ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ ആര്യന്‍ അവര്‍ക്ക് സാമ്പത്തിക സഹായവും നിയമ സഹായവും വാഗ്ദാനം ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം ആര്യന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.ഡബ്ളിയൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ മൂന്നാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെയും മറ്റ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് എന്‍.സി.ബി കോടതിയില്‍ പറഞ്ഞിരുന്നു. അതിനാല്‍ നാല് വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ജാമ്യം ലഭിച്ച വിവരം ആര്യനെ അറിയിച്ചത്. പുറത്തിറങ്ങുന്നതിനിടെ ആര്യന്‍ ജീവനക്കാരോട് നന്ദി പറഞ്ഞു.