മുംബൈ: കൈക്കൂലി ആരോപണത്തില്‍ അറസ്ററില്‍ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ബോംബൈ ഹൈക്കോടതിയെ സമീപിച്ചു. തനിക്ക് എതിരെയുള്ള ആരോപണം സിബിഐക്കോ, ദേശീയ അന്വേഷണ ഏജന്‍സിക്കോ കൈമാറണമെന്നും സമീര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മുംബൈ പൊലീസിന്റെ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടിക്കൊണ്ടായിരുന്നു വാങ്കഡെയുടെ ഹര്‍ജി.
ഭരണകൂടം ഏത് ദിവസവും തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് ആശങ്കയെന്നും സമീര്‍ വാങ്കഡെ കോടതിയെ അറിയിച്ചു. തന്റെ അവകാശങ്ങള്‍ സംസ്ഥാനം ലംഘിക്കുന്നത് വരെ കോടതി കാത്തിരിക്കരുത്. താന്‍ ഒരു മയക്കുമരുന്ന് കച്ചവടക്കാരനല്ലെന്നും വാങ്കഡെ കോടതിയില്‍ പറഞ്ഞു.
നിയമപ്രകാരം, സംസ്ഥാനത്തിന് അദ്ദേഹത്തെ സംബന്ധിച്ച ആരോപണം അന്വേഷിക്കാന്‍ കഴിയില്ലെന്ന് വാങ്കഡെയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അതുല്‍ നന്ദ വാദിച്ചു. എന്നാല്‍ ഹര്‍ജി അകാലത്തിലുള്ളതാണെന്നും സമീര്‍ വാങ്കഡെയ്ക്കെതിരായി ഒരു പ്രാഥമിക അന്വേഷണം മാത്രമാണ് നടക്കുന്നതെന്നും ഇതുവരെ എഫ്ഐആര്‍ രജിസറ്റര്‍ ചെയ്തിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ പൈ കകോടതിയെ അറിയിച്ചു.
അതേസമയം കേസ് മാറ്റാനുള്ള വാങ്കഡെയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. മുംബൈ പൊലീസിന്റെ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉണ്ടാവുകയാണെങ്കില്‍ അറസ്റ്റിന് മൂന്ന് ദിവസം മുന്‍പ് വാങ്കഡെയ്ക്ക് നോട്ടീസ് നല്‍കുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉറപ്പ് നല്‍കിയതായി കോടതി പറഞ്ഞു.
ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഉത്തരവിട്ടിരുന്നു.
ഏജന്‍സിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേശ്വര്‍ സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് സമീര്‍ വാങ്കഡെയ്ക്കെതിരെ എന്‍ സി ബി അന്വേഷണം പ്രഖ്യാപിച്ചത്.