സാത്‌ന: സരസ്വതീ ദേവിയുടെ വിഗ്രഹം സ്കൂളിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ കത്തോലിക്കാ സഭയുടെ സ്‌കൂളിന് വിശ്വ ഹിന്ദു പരിഷത്തിന്‍റയും (വി.എച്ച്.പി) ബജ്‌റംഗ്ദളിന്‍റെയും ഭീഷണി. 15 ദിവസത്തിനുള്ളില്‍ വിഗ്രഹം സ്ഥാപിക്കണമെന്നാണ് ആവശ്യം. സാത്‌ന സീറോ മലബാര്‍ രൂപതയുടേതാണ് സ്‌കൂള്‍.
സാത്‌നയിലെ ക്രൈസ്റ്റ് ജ്യോതി സീനിയര്‍ സെക്കൻഡറി സ്‌കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന്‍ ചിറ്റൂപറമ്പിലിനെയാണ് 30 അംഗ വിഎച്ച്പി, ബജ്‌റംഗ്ദൾ സംഘം ഭീഷണിപ്പെടുത്തിയത്. ഈ ആവശ്യമുന്നയിച്ച് സംഘടന കത്ത് നൽകി. കത്തു സ്വീകരിച്ചതായി എഴുതി നല്‍കണമെന്ന് ഇവർ നിര്‍ബന്ധിച്ചതായും അങ്ങനെ എഴുതിക്കൊടുത്തതായും മാനേജര്‍ പറഞ്ഞു.
വരുന്ന 15 ദിവസത്തിനകം ദേവീവിഗ്രഹം സ്‌കൂളില്‍ സ്ഥാപിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. നേരത്തെ സരസ്വതീദേവിയുടെ വിഗ്രഹം നിലനിന്നിരുന്ന സ്ഥലത്താണ് സ്കൂൾ നിർമിച്ചതെന്ന് അക്രമിസംഘം അവകാശപ്പെട്ടു. എന്നാൽ, സ്‌കൂള്‍ നിര്‍മ്മിച്ചിട്ട് 49 വര്‍ഷമായെന്നും ഇന്നുവരെ ആരും ഇത്തരം ഒരവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും ഫാ. ചിറ്റൂപറമ്പില്‍ പറഞ്ഞു.
ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്‌കൂള്‍ മാനേജ്‌മെന്‍റ് നിയമപരമായ സംരക്ഷണം തേടി അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മധ്യപദേശിൽ കത്തോലിക്കാ സ്‌കൂളിന് നേരെ ഈ വർഷം ഹിന്ദുത്വ സംഘടനകൾ നടത്തുന്ന രണ്ടാമത്തെ ഭീഷണിയാണ് ഇത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് ഛത്തർപൂർ ജില്ലയിലെ ഖജുരാഹോ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്‍റ് ഹൈസ്‌കൂള്‍ പ്രിൻസിപ്പലും സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് അംഗവുമായ സിസ്റ്റര്‍ ഭാഗ്യയ്‌ക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ തിരക്കഥയനുസരിച്ച് പൊലീസ് കേസെടുത്തിരുന്നു.
മതം മാറിയാല്‍ കൂടുതല്‍ ശമ്പളം തരാമെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്ന് ഒരു മുന്‍ അധ്യാപിക നൽകിയ പരാതിയിലായിരുന്നു കേസ്. രോഗബാധിതനായ ഭർത്താവ് യേശുവിനോട് പ്രാർത്ഥിച്ചാൽ സുഖം പ്രാപിക്കുമെന്ന് കന്യാസ്ത്രീ പറഞ്ഞതായും പരാതിയിൽ ആരോപിച്ചിരുന്നു.
എന്നാല്‍, ഇവരുടെ അധ്യാപനത്തെ കുറിച്ച് കുട്ടികളും രക്ഷിതാക്കളും പരാതി പറഞ്ഞതിനാല്‍ കൊറോണ ലോക്ഡൗണിനും ഏറെ മുമ്പേ അവരെ ജോലിയില്‍ നിന്നു നീക്കിയിരുന്നതായും പിന്നീടു തമ്മില്‍ കണ്ടിട്ടില്ലെന്നും ഇത് കള്ളക്കേസാണെന്നും സ്‌കൂള്‍ അധികൃതർ പറഞ്ഞു. 2020 ജനുവരിയില്‍ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ക്കശമായ മതംമാറ്റ നിരോധന നിയമത്തിന്‍റെ ചുവടു പിടിച്ചാണ് ഫെബ്രുവരിയില്‍ ഈ പരാതി നല്‍കിയത്. ഈ കേസില്‍ സിസ്റ്റര്‍ ഭാഗ്യ ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യമെടുത്ത്, നിയമ നടപടികള്‍ തുടരുകയാണിപ്പോള്‍.