എറണാകുളത്ത് ആശ്വാസം; ജില്ല കൊറോണ വിമുക്തം

കൊച്ചി: എറണാകുളത്ത് പ്രത്യാശ പരത്തി ജില്ലയിൽ ചികിൽസയിലുള്ള ഏക കൊറോണ രോഗി ഇന്ന് ആശുപത്രി വിടുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിഞ്ഞ കലൂര്‍ സ്വദേശിയായ വിഷ്ണു കൊറോണ രോഗം ഭേദമായി ഇന്ന് വൈകീട്ട് ആശുപത്രിവിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മാര്‍ച്ച് 22 ന് യുഎഇ യില്‍ നിന്നും മടങ്ങിയെത്തിയ എറണാകുളം, കലൂര്‍ സ്വദേശിയായ വിഷ്ണു, ചുമ ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെ ഏപ്രില്‍ നാലിനാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയുമായും സമ്പര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഷ്ണുവിന് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 29 ദിവസമായി ഐസൊലേഷന്‍ വാര്‍ഡില്‍ വിദ്ഗ്ധ ചികിത്സയില്‍ ആയിരുന്നു വിഷ്ണുവിനെ തുടര്‍ച്ചയായ സാമ്പിളുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നത്.

ചികിത്സയില്‍ ഉടനീളം വിഷ്ണുവിൻ്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. അദ്ദേഹത്തിന്റെ 15, 16 സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആയത്.

വിഷ്ണുവിന്റെ ചികിത്സ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍ ഡോ. ഫത്തഹുദ്ധീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ പി വാഴയില്‍, ആര്‍.എം.ഒ ഡോ. ഗണേഷ് മോഹന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ ഗീതാ നായര്‍, ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. റെനിമോള്‍, ഡോ. വിധുകുമാര്‍, ഡോ. മനോജ് ആന്റണി, , നഴ്‌സിംഗ് സൂപ്രണ്ട് ശ്രീമതി. സാന്റ്റി അഗസ്റ്റിന്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു.