പൂഞ്ചില്‍ വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിക്ക് ജോലി; വായ്പകള്‍ അടച്ചു തീര്‍ക്കും: മന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം: കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന്‍ വൈശാഖിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വീട് വയ്ക്കുന്നതിനും മറ്റുമായി എടുത്ത വായ്പകള്‍ സര്‍ക്കാര്‍ അടച്ചു തീര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഇതു സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

”കാശ്മീരിലെ പൂഞ്ചില്‍ ഭീകരവാദികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ച കൊട്ടാരക്കര സ്വദേശിയായ സൈനികന്‍ വൈശാഖിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും, വീടു വയ്ക്കുന്നതിനും മറ്റുമായി വിവിധ ബാങ്കുകളില്‍ നിന്നും വൈശാഖ് എടുത്തിട്ടുള്ള വായ്പകള്‍ അടച്ചു തീര്‍ക്കാന്‍ വേണ്ടിവരുന്ന തുകയായ 27 ലക്ഷത്തിലധികം രൂപ അനുവദിച്ചു നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.” – മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഒക്ടോബര്‍ 11 നാണ് വൈശാഖ് അടക്കം അഞ്ച് സൈനികര്‍ പൂഞ്ചില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കുടവട്ടൂര്‍ വിശാഖത്തില്‍ ഹരികുമാര്‍-ബീന ദമ്പതികളുടെ മകനാണ് വൈശാഖ്. വിദ്യാര്‍ത്ഥിനിയായ ശില്‍പ്പയാണ് സഹോദരി.

അഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യന്‍ ആര്‍മിയിലെ മെക്കനൈസ് ഇന്‍ഫെന്ററി റെജിമെന്റില്‍ വൈശാഖ് ജോലിക്കു ചേര്‍ന്നത്.
ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൂഞ്ച് ജില്ലയിലെ സുരാങ്കോട്ട് മേഖലയിലെ ഗ്രാമത്തില്‍ നടത്തിയ തെരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് വൈശാഖ് അടക്കമുള്ള സൈനികര്‍ കൊല്ലപ്പെട്ടത്.