വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് ആറ് മാസത്തിനുള്ളില്‍ അമേരിക്കയെ ആക്രമിക്കാന്‍ കഴിയുമെന്ന് യുഎസ് ഇന്റലിജന്‍സ് വിഭാഗം വിലയിരുത്തിയതായി പെന്റഗണ്‍. ഐഎസ് അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും ഒരു മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ അറിയിച്ചു.
അഫ്ഗാനില്‍ രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധം അമേരിക്ക ഓഗസ്റ്റില്‍ അവസാനിപ്പിച്ചിരുന്നു. എന്നിരുന്നാലും അഫ്ഗാനില്‍ നിന്നും ഇപ്പോഴും അമേരിക്കയ്ക്ക് ഗുരുതരമായ ദേശീയ സുരക്ഷാ ആശങ്കകള്‍ ഉയരുന്നുണ്ടെന്നുള്ള ഏറ്റവും പുതിയ ഓര്‍മ്മപ്പെടുത്തലാണ് ഇതെന്നും ഡിഫന്‍സ് പോളിസി അണ്ടര്‍ സെക്രട്ടറി കോളിന്‍ കെല്‍ പറഞ്ഞു.
നിലവില്‍ അഫ്ഗാന്റെ ഭരണം കൈയ്യാളുന്ന താലിബാന്‍ ഭീകരര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശത്രു പക്ഷത്താണുള്ളത്. യുഎസ് സേന പോയതിന് ശേഷവും ചാവേര്‍ ആക്രമണണവും മറ്റും നടത്തുന്നതിന് ഐഎസിന്റെ പങ്ക് ചെറുതല്ല. അഫ്ഗാനിസ്ഥാനില്‍ ആയിരക്കണക്കിന് ഐഎസ് ഭീകരര്‍ ഉണ്ടെന്നും കോളിന്‍ വ്യക്തമാക്കുന്നു.
അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷമായ ഷിയ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണങ്ങളും കിഴക്കന്‍ നഗരമായ ജലാലാബാദില്‍ താലിബാന്‍ ഭീകര സേനയിലെ ഒരു അംഗത്തെ ഐഎസ് കഴുത്തറുത്തു കൊന്നതും ഇതില്‍ ഉള്‍പ്പെടുന്ന സംഭവമാണ്.
ഐഎസിനെതിരെ ഫലപ്രദമായി പോരാടാനുള്ള കഴിവ് താലിബാനുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്നും കോളിന്‍ കെല്‍ പറഞ്ഞു. സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റിക്ക് മുമ്പാകെ നല്‍കിയ സാക്ഷ്യപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താലിബാന്‍ ഭീകരര്‍ക്കെതിരെയും ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ തുടങ്ങിയ ആക്രമണ ഗ്രൂപ്പുകളോടും അമേരിക്ക പോരാടിയതായും സാക്ഷ്യപത്രത്തില്‍ വ്യക്തമാക്കി.
അതേസമയം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികളുടെ ഭീഷണി പരിഹരിക്കുമെന്ന് താലിബാന്റെ വിദേശകാര്യമന്ത്രിയായ അമീര്‍ ഖാന്‍ മുത്താഖി പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ മറ്റ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ താവളമാകില്ലെന്നും ഇവര്‍ പറയുന്നു.
സെപ്റ്റംബര്‍ 11-ന് അമേരിക്കയെ ഞെട്ടിച്ച് ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും അല്‍ ഖ്വയ്ദ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ സൈനിക നടപടികള്‍ ആരംഭിട്ടത്. അല്‍ ഖ്വയ്ദ നേതാക്കള്‍ക്ക് താലിബാന്‍ ഭീകരരാണ് അഭയം നല്‍കിയിരുന്നത്.