അനുപമയുടെ പിതാവിനെതിരെ സിപിഎം നടപടി; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി; കൂടുതല്‍ നടപടിക്ക് സാദ്ധ്യത

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രനെ സിപിഎമ്മിന്റെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും ജയചന്ദ്രന് വിലക്കുണ്ട്.
ഈ വിഷയത്തില്‍ പാര്‍ട്ടി കുറച്ചു ദിവസങ്ങളിലായി കടുത്ത പ്രതിരോധത്തിലായിരുന്നു. സാധാരണ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി ചേരാറുള്ള കെട്ടിടത്തില്‍ നിന്ന് മാറി കേശവദാസപുരത്തുള്ള ലോക്കല്‍ കമ്മിറ്റി ഓഫീസിലായിരുന്നു യോഗം ചേര്‍ന്നത്.

മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ജയചന്ദ്രന്‍ അറിയിച്ചു. അനുപമയുടെ അറിവോടെയാണ് താന്‍ കുഞ്ഞിനെ കൈമാറിയതെന്നും അജിത്തിന്റെ സ്വഭാവത്തിലുള്‍പ്പെടെ തനിക്ക് സംശയം തോന്നിയിരുന്നുവെന്നും ജയചന്ദ്രന്‍ കമ്മിറ്റിയെ അറിയിച്ചു.

എന്നാല്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് യോഗത്തില്‍ ഉയര്‍ന്നത്. പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന അളവിലേക്ക് പ്രശ്നം വഷളായതായും സംഭവം ജയചന്ദ്രന് കുറച്ചു കൂടി കാര്യക്ഷമമായി കൈകാര്യം ചെയ്യാമായിരുന്നെന്നും കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നു. ഇതിനെതുടര്‍ന്നാണ് ജയചന്ദ്രനെ പാര്‍ട്ടിയില്‍ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കാന്‍ തീരുമാനം ഉണ്ടായത്. സംഭവം അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെയും നിയമിച്ചിട്ടുണ്ട്.

ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം ഏരിയാ കമ്മിറ്റി അംഗീകരിക്കേണ്ടതായുണ്ട്. ഉടൻ നടക്കുന്ന പേരൂര്‍ക്കട ഏരിയാ കമ്മിറ്റിയില്‍ പ്രശ്നം ചര്‍ച്ച ചെയ്ത് അംഗീകരിക്കും. ഇതിന് പുറമേ കൂടുതല്‍ എന്തെങ്കിലും നടപടികള്‍ വേണമോ എന്നും ഏരിയാ കമ്മിറ്റി നിര്‍‌ദ്ദേശിക്കും.

കഴിഞ്ഞ ദിവസം സംഭവത്തില്‍ സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച്‌ നിലവിലെ ദത്ത് എടുക്കല്‍ നടപടിക്രമങ്ങള്‍ കുടുംബ കോടതി താത്കാലികമായി നിറുത്തി വച്ചിരുന്നു. ആന്ധ്രാ സ്വദേശികളായ അദ്ധ്യാപകരാണ് കുഞ്ഞിനെ ദത്തെടുത്തിരുന്നത്. അതുമായി ബന്ധപ്പെട്ട നടപടിയാണ് നിറുത്തി വച്ചത്.