ചണ്ഡിഗഡ്: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ് പാർട്ടിയുടെ പേരും ചിഹ്നവും ഉടൻ പ്രഖ്യാപിക്കുമെന്ന് ക്യാപ്റ്റൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി ചിഹ്നം അംഗീകരിക്കാൻ കാത്തിരിക്കുകയാണെന്നും ക്യാപ്റ്റൻ അറിയിച്ചു.
ബിജെപിയുമായി സഖ്യം ഉണ്ടാകും എന്ന് പറഞ്ഞിട്ടില്ല. സീറ്റ് ധാരണയ്ക്ക് തയ്യാറെന്നാണ് പറഞ്ഞത്. ഇതിന് പുറണെ, നിരവധി കോണ്ഗ്രസ് നേതാക്കൾ താനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അവർ പുതിയ പാർട്ടിയിൽ എത്തുമെന്നും അമരീന്ദർ സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. താൻ ഒറ്റക്കല്ലെന്ന് അമരീന്ദർ സിങ് പറയുന്നു. 117 നിയമ സഭ സീറ്റുകളിലും തന്റെ പാർട്ടിക്ക് സ്ഥാനാർത്ഥികൾ ഉണ്ടാകും. സിദ്ദു എവിടെ മത്സരിച്ചാലും, നേരിടുമെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പ്രഖ്യാപനം വരുന്നത്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും, കർഷകർക്ക് അനുകൂലമായി, കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ ബിജെപിയുമായി സീറ്റ് പങ്കുവെക്കുന്ന കാര്യത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും അമരീന്ദർ സിംഗ് അറിയിച്ചു.
ഭിന്നിച്ചുനിൽക്കുന്ന അകാലി ഗ്രൂപ്പുകളായ, ദിൻഡ്‌സ, ബ്രഹ്മംപുര എന്നിവരുമായും സഹകരിക്കാൻ തയ്യാറാണെന്ന് അമരീന്ദർ സിങ് വ്യക്തമാക്കി. ക്യാപ്റ്റന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ് തുക്‌റാൽ ആണ് ഇക്കാര്യം അറിയിച്ചത്.