10 കോടിയുടെ ആഢംബരക്കാര്‍ സ്വന്തമാക്കി അദാര്‍ പൂനെവാല

മുംബൈ: 10 കോടി രൂപയുടെ ആഢംബര കാര്‍ വീണ്ടും സ്വന്തമാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി ഇ ഒ അദാര്‍ പൂനെവാല. റോള്‍സ് റോയ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് സെഡാനായ ഫാന്റം 8 മോഡലാണ് അദാര്‍ വാങ്ങിയത്. കൊറോണ വാക്സിനായ കൊവിഷീല്‍ഡിന്റെ നിര്‍മ്മാണ കമ്പനി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയാണ് അദാര്‍ പൂനെവാല. 2019 ലും അദാര്‍ റോള്‍സ് റോയ്സ് ഫാന്റം 8 വാങ്ങിയിരുന്നു.

പൂനെയില്‍ തന്റെ കുടുംബ വീട്ടിലാണ് ഈ ഫാന്റം 8 പാര്‍ക്ക് ചെയ്തിരിക്കുന്നത്. പുതുതായി വാങ്ങിയിരിക്കുന്ന ഫാന്റം മുംബൈയിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ് അദാര്‍ ഉപയോഗിക്കുക എന്നാണ് അറിയുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാണ കമ്പനിയാണ് ഇപ്പോള്‍ അദാര്‍ പൂനെവാലയുടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാസെനക്കയും ചേര്‍ന്നു വികസിപ്പിച്ച വാക്സിന്‍ ആണ് കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. നേരത്തെ രാജ്യത്തെ വാക്സിനേഷന്‍ തുടങ്ങാനിരിക്കെ കൊവിഷീല്‍ഡിന് വലിയ വില ഈടാക്കാനുള്ള തീരുമാനം വിമര്‍ശിക്കപ്പെട്ടിരുന്നു.

രാജ്യത്ത് കൊറോണ രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ അദാര്‍ പൂനെവാല ഇന്ത്യ വിട്ടിരുന്നു. വാക്സിന്‍ ക്ഷാമത്തില്‍ തനിക്ക് ഭീഷണിയുണ്ടെന്നും രാജ്യം വിടുകയാണെന്നുമായിരുന്നു അദാര്‍ ആദ്യം പറഞ്ഞിരുന്നത്.

എന്നാല്‍ പിന്നീട് ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ലണ്ടനിലെത്തിയതെന്ന് തിരുത്തി പറഞ്ഞു. പിന്നാലെ പിതാവും പൂനെവാല ഗ്രൂപ്പ് ചെയര്‍മാനുമായ സൈറസ് പൂനെവാലയും ലണ്ടനിലേക്ക് പോയിരുന്നു.