ന്യൂഡെല്‍ഹി: ഗതാഗത നിയമത്തില്‍ വലിയ പരിഷ്ക്കാരങ്ങള്‍ നടത്താന്‍ ഒരുങ്ങി കേന്ദ്രം. ഇത് സംബന്ധിച്ച കരട് നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. ഇരുചക്ര വാഹനങ്ങളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനാണ് കേന്ദ്ര തീരുമാനം.
ഒമ്പത് മാസം മുതല്‍ നാല് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പുതുതായി ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. ബി ഐ എസ് മാനദണ്ഡം പാലിച്ചുള്ള ഹെല്‍മെറ്റാണ് കുട്ടികള്‍ ധരിക്കേണ്ടത്. വാഹനം ഓടിക്കുന്ന ആളിനേയും കുട്ടിയേയും ബന്ധിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുട്ടികളുടെ നെഞ്ചിന് സുരക്ഷ നല്‍കുന്നതിന് വേണ്ടിയാണിത്. ബെല്‍റ്റ് ഭാരം കുറഞ്ഞതും ക്രമീകരിക്കാന്‍ കഴിയുന്നതും വാട്ടര്‍ പ്രൂഫും ആയിരിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
സാധാരണ ഗതിയില്‍ നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ മുതിര്‍ന്ന യാത്രക്കാരായി പരിഗണിച്ചിരുന്നില്ല. കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന് പുറമെ, കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗതയും നിയന്ത്രിക്കണമെന്ന് കരട് നിര്‍ദ്ദേശത്തില്‍ പറയുന്നു. ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന ബൈക്കുകള്‍ക്കും സ്കൂട്ടറുകള്‍ക്കും വേഗം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടരുതെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്.
പരിഷ്ക്കരിച്ച ഗതാഗത നിയമങ്ങള്‍ ഒരുവര്‍ഷത്തിനകം പ്രാബല്യത്തില്‍ വരും. പുതിയ ക്രമീകരണങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഒരുവര്‍ഷത്തെ സമയപരിധി നല്‍കിയത്. നാല് വയസുവരെയുള്ള കുട്ടികള്‍ക്ക് ബാധകമാകുന്ന തരത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം.