തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് എതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കെ മുരളീധരന്‍ എം പിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നികുതിവെട്ടിപ്പില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ മുരളീധരന്‍ എംപി മേയര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ആര്യ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണെന്നായിരുന്നു കെ മുരളീധരന്റെ അധിക്ഷേപം.
പരാമര്‍ശം വിവാദമായതോടെ ഖേദപ്രകടനവുമായി മുരളീധരന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന മേയര്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയതില്‍ ഖേദിക്കുന്നെന്നുവെന്നാണ് മുരളീധരന്‍ പറഞ്ഞത്. എന്നാല്‍ മേയറുടെ പെരുമാറ്റം പക്വതയില്ലാത്തതാണെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ കെ മുരളീധരന് എതിരെ മേയര്‍ ആര്യ തന്നെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതില്‍ നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
അതേസമയം, മേയര്‍ ആര്യ രാജേന്ദ്രനെതിരായ കെ മുരളിധരന്റെ അധിക്ഷേപാര്‍ഹമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് മുന്‍ മന്ത്രി പി കെ. ശ്രീമതി പറഞ്ഞിരുന്നു. എന്തടിസ്ഥാനത്തിലാണ് ഒരു പെണ്‍കുട്ടിയെക്കുറിച്ച് ഇത്തരം അപഖ്യാതി പ്രചരിപ്പിക്കുന്നതെന്നായിരുന്നു പി കെ ശ്രിമതിയുടെ ചോദ്യം. വിഷയത്തില്‍ ഡി വൈ എഫ് ഐയും മുരളീധരനെ വിമര്‍ശിച്ചിരുന്നു.