പുതിയ ഡാം വേണം; മുല്ലപ്പെരിയാർ വിഷയത്തിൽ തന്റെ ആശങ്ക സർക്കാരിനെ അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിലെ തന്റെ ആശങ്ക സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചിലർ ഈ വിഷയത്തിൽ തന്നെ വന്ന് കണ്ടിരുന്നു. അവർ അവരുടെ ആശങ്ക രേഖപ്പെടുത്തി. അക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. അവർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ട് പഴയതാണെന്നത് യാഥാർത്ഥ്യമാണ്. അവിടെ പുതിയ ഡാം വേണം. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജല തർക്കങ്ങളിൽ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ്. തമിഴ്‌നാടുമായുള്ള ചർച്ചയിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നമ്മളെപ്പോഴും നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയോടെ ഇരിക്കണം. വിവാദമായ ദത്തെടുക്കൽ സംഭവത്തിൽ സംസ്ഥാന സർക്കാർ തിരുത്തൽ നടപടി തുടങ്ങിയെന്നാണ് തന്റെ അറിവെന്നും അദ്ദേഹം പ്രതികരിച്ചു.