മുല്ലപ്പെരിയാർ അണക്കെട്ട്; 2006 മുതൽ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് വീണ്ടും ചർച്ചകൾ സജീവമാകുമ്പോൾ 2006 മുതൽ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയുള്ള സുപ്രിംകോടതി വിധി ഏകപക്ഷീയവും ആത്മഹഹത്യാപരവുമാണെന്നായിരുന്നു വിഎസ് പത്രക്കുറിപ്പിലും ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയത്.

‘മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തളളിക്കൊണ്ട് അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണം എന്നും തുടര്‍ന്ന് 152 അടയില്‍ എത്തിക്കുന്നതിനുവേണ്ട നടപടികള്‍ എടുക്കണമെന്നും പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ ഉത്തരവ് ഏകപക്ഷീയവും ആത്മഹത്യാപരവുമാണ്’- എന്നായിരുന്നു ആ വാക്കുകൾ.

മുല്ലപ്പെരിയാർ ഡി കമ്മിഷൻ ചെയ്യേണ്ടതിന്റെ ആവശ്യകത എണ്ണിപ്പറഞ്ഞായിരുന്നു വിഎസിന്റെ വാർത്താക്കുറിപ്പ്. ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുര്‍ക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയര്‍ത്തിയ ഈ മേജര്‍ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീര്‍ന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി. തമിഴ്‌നാട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയെന്ന് അവകാശപ്പെടുന്ന ബലപ്പെടുത്തല്‍ സംവിധാനങ്ങള്‍ താല്‍ക്കാലികമായേ പ്രയോജനം ചെയ്തിട്ടുളളു.

ഭൂമികുലുക്കം ഉള്‍പ്പെടെയുളള അത്യാഹിതങ്ങളാല്‍ അണക്കെട്ട് തകര്‍ന്ന് വീഴാനുളള സാധ്യത വളരെ കൂടുതലാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതിന്റെ പ്രഹരം താങ്ങാന്‍ കഴിയാതെ കീഴ് നദീതട പ്രാന്തത്തില്‍ നിലനില്‍ക്കുന്ന മൂന്ന് കൂറ്റന്‍ അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ അപകടത്തിലാകും. അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ പരിസമാപ്തി.

ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനു പുറമെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകുമെന്നും വിഎസ് അന്ന് വ്യക്തമാക്കിയിരുന്നു.