കാബൂള്‍: താലിബാന് ഭീകരരുടെ അധീനതയിലായതോടെ അഫ്ഗാനിസ്ഥാന് തകര്‍ച്ചയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ. അഫ്ഗാന് വേണ്ടി ഉടന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കുട്ടികളടക്കം ലക്ഷക്കണക്കിന് അഫ്ഗാന് പൗരന്മാര് പട്ടിണി കിടന്നു മരിക്കുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്കി. മുന്‍ അഫ്ഗാനിസ്ഥാന് സര്‍ക്കാരിന്റെ പേരില്‍ വിദേശ ബാങ്കുകളിലുള്ള കോടിക്കണക്കിന് ഡോളര്‍ വരുന്ന തുക ഇവിടുത്തെ സന്നദ്ധസേവനത്തിനായി വിനിയോഗിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശിച്ചു.
അഫ്ഗാനിസ്ഥാന് ജനസംഖ്യയുടെ പകുതിയോളം വരുന്ന ജനങ്ങള്‍ കടുത്ത പട്ടിണിയിലാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്ലി വ്യക്തമാക്കി. അതായത് 3.9 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലാണ്. രണ്ട് മാസം മുന്‍പ് വരെ രാജ്യത്ത് കടുത്ത പട്ടിണി നേരിട്ടിരുന്നവരുടെ എണ്ണം 1.4 കോടി മാത്രമായിരുന്നു. എന്നാലിത് ഇരട്ടിയിലധികമായി മാറിയിരിക്കുകയാണ്. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോടാണ് ഡേവിഡ് ബീസ്ലി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
”കുട്ടികള്‍ പട്ടിണി മൂ്ലം മരിക്കാന്‍ പോകുന്നു, ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് കടക്കാന്‍ പോകുന്നു. കാര്യങ്ങള്‍ വളരെ മോശമാവുകയാണ്.”- ഡേവിഡ് ബീസ്ലി പറഞ്ഞു.കുട്ടികളടക്കം ലക്ഷക്കണക്കിന് പേര് രാജ്യത്ത് പണമില്ലാത്തതു മൂലം പട്ടിണി കിടുന്നു മരിക്കുന്നത് കണ്ടു നില്ക്കാന് എങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ഓഗസ്റ്റോടെ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായി പിന്മാറുകയും താലിബാന് ഭീകരര്‍ രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് സ്മ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. മനുഷ്യാവകാശങ്ങള്‍ അടിച്ചമര്‍ത്തുകയും വനിതകളുടെയും കുട്ടികളുടെയും അവകാശങ്ങളെ ബഹുമാനിക്കാതെയും പ്രവര്‍ത്തിച്ചു പാരമ്പര്യമുള്ള ഭരണകൂടമാണ് താലിബാന് ഭീകരര്‍. അതിനാല്‍ തന്നെ മിക്ക രാജ്യങ്ങളും ഇവരുമായി നയന്ത്രബന്ധം സ്ഥാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനു നല്‍കാമെന്നു വാഗ്ദാനംചെയ്തിരുന്ന വന്‍തുക വിദേശ ഏജന്‍സികള്‍ തടഞ്ഞു വെക്കുകയായിരുന്നു.
കാലാവസ്ഥാ മാറ്റം മൂലം അഫ്ഗാനിസ്ഥാനിലെ കാര്‍ഷികമേഖലയും വലിയ പ്രതിസന്ധി നേരിടുകയായിരുന്നു. ഇതിനിടയിലായിരുന്നു യുഎസ് സൈന്യത്തിന്റെ പിന്മാറ്റം. വിദേശത്തു സൂക്ഷിച്ചിട്ടുള്ള പണം താലിബാന് ഭീകരര്‍ക്ക് ലഭ്യമാകാത്ത സാഹചര്യത്തില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും പരിഹരിക്കാന്‍ ഇവര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല.
എന്നാല്‍ പ്രതീക്ഷിച്ചതിലും ഏറെ വേഗത്തിലാണ് അഫ്ഗാനിസ്ഥാനില്‍ പ്രതിസന്ധി പിടിമുറുക്കുന്നതെന്നും ഡേവിഡ് ബീസ്ലി പറയുന്നത്. അഫ്ഗാനിസ്ഥാനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന തുക സന്നദ്ധസേവനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശൈത്യകാലം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ രാജ്യത്തെ ദുര്‍ബലവിഭാഗത്തില്‍പ്പെട്ട 2.3 കോടി ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാനയി 22 കോടി ഡോളര്‍ ഒരു മാസം വേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്രസഭയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ ഫുഡ് പ്രോഗ്രാമിന്റെ കണക്കുകൂട്ടല്‍. സമീപകാല ചരിത്രത്തില്‍ ആദ്യമായി അഫ്ഗാനിലെ നഗരപ്രദേശങ്ങളില്‍പ്പോലും ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും താലിബാന് ഭീകരക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ സ്വന്തമായുള്ള വസ്തുവകകള്‍ പോലും വിറ്റ് ഭക്ഷണത്തിനുള്ള വക കണ്ടെത്തുകയാണ് അഫ്ഗാന് ജനത.
അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫണ്ട് തടഞ്ഞു വെച്ചിരിക്കുന്ന രാജ്യങ്ങളോടു നിലപാട് മയപ്പെടുത്തണമെന്നാണ് സന്നദ്ധസംഘടനകള്‍ പറയുന്നത്. പ്രതിസന്ധി തുടര്‍ന്നാല്‍ 2015ല്‍ സിറിയയില്‍ നിന്ന് യൂറോപ്പിലേയ്ക്ക് പലായനം ഉണ്ടായതിനു സമാനമായ സാഹചര്യം ആവര്‍ത്തിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.