ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ്: നടി അനന്യ പാണ്ഡെ ചോദ്യംചെയ്യലിന് ഹാജരായില്ല; ആര്യന് ഫോണ്‍ നല്‍കിയത് മാതാപിതാക്കളെ വിളിക്കാൻ: ഗോസാവി

മുംബൈ: ആഡംബര കപ്പലിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നടി അനന്യ പാണ്ഡെ ചോദ്യംചെയ്യലിന് ഹാജരായില്ല. വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് അനന്യ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) ഉദ്യോഗസ്ഥരെ അറിയിച്ചു. ചോദ്യംചെയ്യൽ മറ്റൊരുദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നും അഭ്യർഥിച്ചു. നടിയുടെ ആവശ്യം എൻ.സി.ബി. അംഗീകരിച്ചതായാണ് റിപ്പോർട്ട്. മറ്റൊരു ദിവസം നടിയെ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നും വൈകാതെ ഇത് സംബന്ധിച്ച് നോട്ടീസ് നൽകുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ലഹരിമരുന്ന് കേസിൽ പ്രതിയായ ആര്യൻ ഖാനുമായി അനന്യ പാണ്ഡെ നടത്തിയ വാട്സാപ്പ് ചാറ്റുകൾ എൻ.സി.ബി. സംഘം കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് അനന്യയെ ചോദ്യംചെയ്യാനായി വിളിപ്പിച്ചത്. കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളായി അനന്യയെ ചോദ്യംചെയ്തിരുന്നു. തുടർന്നാണ് ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്.

കഞ്ചാവ് കിട്ടാൻ വഴിയുണ്ടോ എന്നാണ് ആര്യൻ അനന്യയോട് ചാറ്റിൽ ചോദിച്ചിരുന്നത്. താൻ സംഘടിപ്പിച്ച് നൽകാമെന്നായിരുന്നു നടിയുടെ മറുപടി സന്ദേശം. എന്നാൽ ഇതേക്കുറിച്ച് എൻ.സി.ബി. ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ വെറും തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു അനന്യ മറുപടി നൽകിയത്. ആര്യന് ലഹരിമരുന്ന് നൽകിയിട്ടില്ലെന്നും നടി മൊഴി നൽകിയിരുന്നു. ആര്യനൊപ്പം ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ പഠിച്ചിട്ടുണ്ട്. ആര്യന്റെ സഹോദരി സുഹാനയുടെ അടുത്ത സുഹൃത്താണ്. ഇരുവരും തന്റെ കുടുംബസുഹൃത്തുക്കളാണെന്നും അതിൽ കവിഞ്ഞ് മറ്റു ബന്ധങ്ങളില്ലെന്നും അനന്യ ചോദ്യംചെയ്യലിൽ മറുപടി നൽകിയിരുന്നു.

അതിനിടെ, എൻ.സി.ബി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആര്യൻ ഖാൻ ആവശ്യപ്പെട്ടപ്രകാരമാണ് താൻ മൊബൈൽ ഫോൺ നൽകിയതെന്ന് സ്വകാര്യ ഡിറ്റക്ടീവും കേസിലെ സാക്ഷിയുമായ കെ.പി. ഗോസാവി വെളിപ്പെടുത്തി. തനിക്ക് സമീർ വാംഖഡെയെ നേരത്തെ അറിയില്ലെന്നും ടി.വിയിൽ മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളതെന്നും ഉള്ളടക്കം വായിച്ചതിന് ശേഷമാണ് സാക്ഷിമൊഴിയിൽ ഒപ്പിട്ടതെന്നും ഗോസാവി പറഞ്ഞു.

‘ആ സമയത്ത് ആര്യന്റെ കൈയിൽ മൊബൈൽ ഫോൺ ഇല്ലായിരുന്നു. മാനേജറുമായി സംസാരിക്കണമെന്ന് പറഞ്ഞ് ആര്യനാണ് അടുത്തേക്ക് വിളിച്ചത്. തുടർന്ന് മാതാപിതാക്കളെയും മാനേജറെയും ഫോണിൽ വിളിച്ചുതരാനും ആവശ്യപ്പെട്ടു. ഒക്ടോബർ ആറാം തീയതി വരെ ഞാൻ മുംബൈയിലുണ്ടായിരുന്നു. നിരവധി ഭീഷണി സന്ദേശങ്ങൾ വന്നതോടെയാണ് എന്റെ ഫോൺ സ്വിച്ച് ഓഫ് ആക്കിയത്. കപ്പലിലെ റെയ്ഡിന് മുമ്പ് സമീർ വാംഖഡെയെ ടി.വി.യിൽ മാത്രമാണ് കണ്ടിട്ടുള്ളത്. അദ്ദേഹവുമായി ഒരു പരിചയവുമില്ല. നേരത്തെ എൻ.സി.ബി.യുടെ ഒരു റെയ്ഡിലും ഞാൻ പങ്കെടുത്തിട്ടുമില്ല. ഉള്ളടക്കം വായിച്ചതിന് ശേഷമാണ് സാക്ഷിമൊഴിയിൽ ഒപ്പിട്ടത്.

കഴിഞ്ഞദിവസം കൈക്കൂലി ആരോപണം ഉന്നയിച്ച പ്രഭാകറിനെ എനിക്കറിയാം. അദ്ദേഹം എന്റെ കൂടെ ജോലിചെയ്തിരുന്നു. എന്നാൽ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് എനിക്കറിയില്ല. ഒക്ടോബർ 11-ാം തീയതി മുതൽ പ്രഭാകറുമായി സംസാരിക്കുകയോ മറ്റോ ചെയ്തിട്ടില്ല. എന്റെ ജീവിതം ഇപ്പോൾ സുരക്ഷിതമല്ല. പുണെയിൽ എനിക്കെതിരേ നേരത്തെ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ആ കേസിൽ ഇപ്പോളാണ് പെട്ടെന്നുള്ള നടപടികൾ ആരംഭിച്ചത്. ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. എന്റെ ജീവന് ഭീഷണിയുണ്ട്. ജയിലിലായാൽ പോലും അതിനകത്തുവെച്ച് എന്നെ കൊല്ലുമെന്ന് വരെ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്”, ഗോസാവി പറഞ്ഞു.

ലഹരിമരുന്ന് കേസിൽ കെ.പി. ഗോസാവിയും സമീർ വാംഖഡെയും തമ്മിൽ പണമിടപാട് നടന്നതായി കേസിലെ സാക്ഷികളിലൊരാളായ പ്രഭാകർ സെയിൽ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ആര്യനെതിരായ കേസ് ഒതുക്കിതീർക്കാൻ ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മിൽ 25 കോടിയുടെ ഇടപാട് നടന്നതായും ഇതിൽ എട്ട് കോടി സമീർ വാംഖഡെയ്ക്കാണെന്നും പ്രഭാകർ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ സമീർ വാംഖഡെയ്ക്കെതിരേ എൻ.സി.ബി. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ പ്രഭാകറിന്റെ ആരോപണങ്ങൾ എൻ.സി.ബി.യുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നായിരുന്നു എൻ.സി.ബി. ഉദ്യോഗസ്ഥരുടെ പ്രതികരണം. ആരോപണങ്ങൾക്ക് ഉചിതമായ മറുപടി നൽകുമെന്ന് സമീർ വാംഖഡെയും പറഞ്ഞു.

ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ സാക്ഷിപ്പട്ടികയിലുള്ള രണ്ടുപേരാണ് കെ.പി. ഗോസാവിയും പ്രഭാകർ സെയിലും. കപ്പലിൽ റെയ്ഡ് നടക്കുമ്പോൾ സ്വകാര്യ ഡിറ്റക്ടീവായ ഗോസാവിയുടെ സാന്നിധ്യം നേരത്തെ ചോദ്യംചെയ്യപ്പെട്ടിരുന്നു. കസ്റ്റഡിയിലെടുത്ത ആര്യൻ ഖാനൊപ്പമുള്ള ഗോസാവിയുടെ സെൽഫി ചിത്രങ്ങളും വിവാദത്തിന് ആക്കംകൂട്ടി.

ഗോസാവിയുടെ ബോഡിഗാർഡായിരുന്നു പ്രഭാകർ സെയിൽ. എന്നാൽ കപ്പലിൽനിന്ന് ലഹരിമരുന്ന് പിടികൂടിയത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു പ്രഭാകറിന്റെ വെളിപ്പെടുത്തൽ. വെള്ളപേപ്പറിലാണ് താൻ ഒപ്പിട്ട് നൽകിയതെന്നും കസ്റ്റഡിയിലെടുത്ത ആര്യന് സംസാരിക്കാനായി ഗോസാവി ഫോൺ നൽകിയിരുന്നതായും പ്രഭാകർ പറഞ്ഞിരുന്നു. ഗോസാവിയുടെ ഫോണിൽ ആര്യൻ സംസാരിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.