ഗുണനിലവാരമില്ലാത്ത റാപ്പിഡ് ടെസ്റ്റ് കിറ്റ് ഇറക്കുമതി ; രണ്ട് കമ്പനികളുടെ ലൈസൻസ് ഇന്ത്യ റദ്ദാക്കി

ഡൽഹി : ചൈനയിൽ നിന്നും ഗുണനിലവാരമില്ലാത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്ത രണ്ട് കമ്പനികളുടെ ലൈസൻസ് ഇന്ത്യ റദ്ദാക്കി. ഗുവാൻഷു വാൻഡ്ഫോ ബയോടെക്, സുഹായ് ലിവ്സോൺ ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ കമ്പനികളുടെ ലൈസൻസ് ആണ് ഇന്ത്യ റദ്ദാക്കിയത്. എന്നാൽ ഇറക്കുമതി ഇടപാടിൽ ശരിയായ നടപടിക്രമങ്ങൾ പാലിച്ചതിനാൽ ഇന്ത്യക്ക് സാമ്പത്തികമായ നഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി.

ഗുണനിലവാരവും കൃത്യതയുമില്ലാത്ത കിറ്റുകൾ ഇറക്കുമതി ചെയ്തതിനെ തുടർന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റസർച്ചിന്റെ (ഐസിഎംആർ) നിർദേശപ്രകാരം സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) ആണ് ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ എടുത്തത്.

ഇരു കമ്പനികൾക്കും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസൻസ് റദ്ദാക്കിയതായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രഗ് കൺട്രോളർമാർക്ക് സി.ഡി.എസ്.സി.ഒ അറിയിപ്പ് നൽകി. ഇവർ ഇറക്കുമതി ചെയ്ത പരിശോധനാ കിറ്റുകളിൽ വ്യാപകമായി തകരാർ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നും അറിയിപ്പിൽ പറയുന്നു. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കരുതെന്നും അവ തിരിച്ചയക്കുന്നതിനായി തിരികെ ശേഖരിക്കുമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച് സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു.