സര്‍ക്കാര്‍ ബസില്‍ മിന്നല്‍ പരിശോധനയുമായി എം.കെ സ്റ്റാലിന്‍; അമ്പരന്ന്​ യാത്രക്കാര്‍

ചെന്നൈ: പൊടുന്നനെ സര്‍ക്കാര്‍ ബസില്‍ മുഖ്യമന്ത്രി എം.കെ സ്​റ്റാലിനെ കണ്ടപ്പോള്‍​ പൊതുജനങ്ങളും യാത്രക്കാരും ഒന്ന് അമ്പരന്നു. പിന്നീട്​ ചിരിയായി. ത്യാഗരായ നഗറില്‍ നിന്ന്​ കണ്ണകി നഗറിലേക്ക്​ പോവുകയായിരുന്ന M19B എന്ന സര്‍ക്കാര്‍ ടൗണ്‍ ബസിലായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്‍റെ മിന്നല്‍ സന്ദര്‍ശനം.

ശനിയാഴ്​ച രാവിലെ സോളിങ്കനല്ലൂര്‍ നിയമസഭ മണ്ഡലത്തിലുള്‍പ്പെട്ട കണ്ണകിനഗറിലെ കൊറോണ വാക്​സിനേഷന്‍ ക്യാമ്പ് സന്ദര്‍ശിച്ച്‌​ മടങ്ങവെയാണ്​ സ്റ്റാലിന്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്​. സ്റ്റാലിന്‍ കാറില്‍ നിന്നും ഇറങ്ങി​​യതോടെ ഉടനടി അകമ്പടി കാറുകളില്‍ നിന്ന്​ പൊലീസുകാരും ഇറങ്ങി. യാത്രക്കാര്‍ സീറ്റില്‍ നിന്ന്​ എണീറ്റ്​​ കൈകൂപ്പി നിന്നു.

ബസിലെ സ്​ത്രീകളടക്കമുള്ള യാത്രക്കാരോട്​ മുഖ്യമന്ത്രി കുശലാന്വേഷണം നടത്തി. ബസുകളില്‍ വനിതകള്‍ക്ക്​ സൗജന്യ യാത്ര അനുവദിച്ചത്​ സംബന്ധിച്ചും ചോദിച്ചറിഞ്ഞു. പലരും മൊബൈല്‍ ഫോണില്‍ രംഗം പകര്‍ത്തുന്നുണ്ടായിരുന്നു. തുടര്‍ന്ന്​ ബസില്‍ നിന്ന്​ ഇറങ്ങി കാറില്‍ കയറി സെക്രട്ടറിയേറ്റിലേക്ക്​ തിരിച്ചു. ഇതിന്​ മുമ്പ് സ്​റ്റാലിന്‍ റേഷന്‍കടകളും പൊലീസ്​ സ്​റ്റേഷനുകളും മറ്റും സന്ദര്‍ശിച്ച്‌​ സ്​ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.